ലോകകപ്പില്‍ തുടര്‍ തോല്‍വികള്‍ക്കു ബ്രേക്കിട്ട് നിലവിലെ ചാംപ്യന്‍മാരായ ഇംഗ്ലണ്ട് വിജയവഴിയില്‍ തിരിച്ചെത്തി. എട്ടാം റൗണ്ടില്‍ പോയിന്റ് പട്ടികയിലെ അവസാന രണ്ടു സ്ഥാനക്കാര്‍ തമ്മിലുള്ള പോരില്‍ നെതര്‍ലാന്‍ഡ്‌സിനെ 160 റണ്‍സിനാണ് ഇംഗ്ലണ്ട് തകര്‍ത്തത്. ഈ പരാജയത്തോടെ ഡച്ച് ടീം ടൂര്‍ണമെന്റില്‍ നിന്നും പുറത്താവുകയും ചെയ്തു. നേരത്തേ തന്നെ സെമി പ്രതീക്ഷ അവസാനിച്ച ഇംഗ്ലണ്ട് ആദ്യ എട്ടില്‍ ഫിനിഷ് ചെയ്ത് 2025ലെ ചാംപ്യന്‍സ് ട്രോഫിക്കു യോഗ്യത നേടാനുള്ള ശ്രമത്തിലാണ്. ഇന്നു നേടിയ വിജയത്തോടെ ഇംഗ്ലണ്ട് പ്രതീക്ഷ കാത്തുസൂക്ഷിക്കുകയും ചെയ്തിരിക്കുകയാണ്.അഞ്ചു തുടര്‍ പരാജയങ്ങള്‍ക്കു ശേഷം ആദ്യത്തെ വിജയം കൂടിയാണ് ഇംഗ്ലണ്ട് സ്വന്തമാക്കിയത്.
കഴിഞ്ഞ മാസം 10നു ബംഗ്ലാദേശിനെതിരേ 137 റണ്‍സിന വിജയിച്ച ശേഷം കളിച്ച മല്‍സരങ്ങളിലെല്ലാം ഇംഗ്ലണ്ട് തോല്‍വിയറിഞ്ഞിരുന്നു. അഞ്ചു തോല്‍വികള്‍ക്കു ശേഷം ഇംഗ്ലണ്ട് ഇന്നു യഥാര്‍ഥ മികവ് പുറത്തെടുത്തിരിക്കുകയാണ്. 340 റണ്‍സിന്റെ കൂറ്റന്‍ വിജയലക്ഷ്യമാണ് ഡച്ച് ടീമിനു ഇംഗ്ലണ്ട് നല്‍കിയത്. പക്ഷെ നെതര്‍ലാന്‍ഡ്‌സിനു പൊരുതാന്‍ പോലുമാവാതെ കീഴടങ്ങേണ്ടി വന്നു.37.2 ഓവറില്‍ വെറും 179 റണ്‍സിനു അവര്‍ ഓള്‍റൗട്ടാവുകയായിരുന്നു. പുറത്താവാതെ 41 റണ്‍സെടുത്ത ഇന്ത്യന്‍ വംശജനായ തേജ നിദാമണുരുയാണ് ടോപ്‌സ്‌കോറര്‍. ക്യാപ്റ്റന്‍ സ്‌കോട്ട് എഡ്വാര്‍ഡ്‌സ് 38ഉം വെസ്സ്‌ലി ബറേസി 37 റണ്‍സും സൈബ്രാന്‍ഡ് എംഗെല്‍ബ്രെക്ട് 33 റണ്‍സും നേടി. മൂന്നു വിക്കറ്റുകള്‍ വീതമെടുത്ത മോയിന്‍ അലിയും ആദില്‍ റഷീദുമാണ് ഡച്ച് ടീമിന്റെ കഥ കഴിച്ചത്.
ഡേവിഡ് വില്ലിക്കു രണ്ടു വിക്കറ്റുകളും ലഭിച്ചു.നേരത്തേ സ്റ്റാര്‍ ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സിന്റെ (108) കന്നി ലോകകപ്പ് സെഞ്ച്വറിയാണ് ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിനു 339 റണ്‍സെന്ന കൂറ്റന്‍ ടോട്ടലിലെത്തിച്ചത്. വെറും 84 ബോളില്‍ നിന്നാണ് ആറു വീതം ഫോറും സിക്‌സറുമടക്കം അദ്ദേഹം 108 റണ്‍സ് അടിച്ചെടുത്തത്.
ഓപ്പണര്‍ ഡേവിഡ് മലാന്‍ (87), വാലറ്റത്ത് ക്രിസ് വോക്‌സ് (51) എന്നിവരുടെ ഫിഫ്റ്റികളും ഇംഗ്ലണ്ടിനു കരുത്തായി. അഗ്രസീവ് ബാറ്റിങ് കാഴ്ചവച്ച മലാന്‍ 74 ബോളില്‍ 10 ഫോറും രണ്ടു സിക്‌സറുകളുമടിച്ചു. വോക്‌സാവട്ടെ 45 ബോളില്‍ അഞ്ചു ഫോറും ഒരു സിക്‌സറുമടക്കമാണ് 51 റണ്‍സ് കുറിച്ചത്.
28 റണ്‍സെടുത്ത ജോ റൂട്ടാണ് 20ന് മുകളില്‍ സ്‌കോര്‍ ചെയ്ത മറ്റൊരാള്‍. നെതര്‍ലാന്‍ഡസിനായി ബാസ് ഡ ലീഡെ മൂന്നു വിക്കറ്റുകളെടുത്തു.ഭേദപ്പെട്ട തുടക്കമാണ് മലാന്‍- ബെയര്‍സ്റ്റോ സഖ്യം ഇംഗ്ലണ്ടിനു നല്‍കിയത്. ഓപ്പണിങ് വിക്കറ്റില്‍ ഇരുവരും ചേര്‍ന്നു 48 റണ്‍സെടുത്തു. 17 ബോളില്‍ 15 റണ്‍സടുത്ത് ബെയര്‍സ്റ്റോ മടങ്ങിയെങ്കിലും റൂട്ടിനെ കൂട്ടുപിടിച്ച് മലാന്‍ ഇംഗ്ലണ്ടിനെ ശക്തമായ നിലയിലെത്തിച്ചു. 85 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് ഈ സഖ്യം വേര്‍പിരിഞ്ഞത്. ഒന്നിന് 133 റണ്‍സെന്ന ശക്തമായ നിലയില്‍ നിന്നും 59 റണ്‍സെടുക്കുന്നതിനിടെ അഞ്ചു വിക്കറ്റുകളാണ് ഇംഗ്ലണ്ട് കൈവിട്ടത്. ഇതോടെ അവര്‍ ആറിനു 192ലേക്കു വീണു. തുടര്‍ന്നാണ് ഇംഗ്ലണ്ട് ഇന്നിങ്‌സിലെ ഏറ്റവും മികച്ച കൂട്ടുകെട്ട് കണ്ടത്.സ്‌റ്റോക്‌സിനൊപ്പം വോക്‌സ് ചേര്‍ന്നതോടെ ഇംഗ്ലണ്ടിന്റെ സ്‌കോറിങിനു വേഗത കൂടി. 129 റണ്‍സാണ് ഈ ജോടി അടിച്ചെടുത്തത്.
ഇതോടെ ഇംഗ്ലണ്ട് 300 കടക്കുകയും ചെയ്തു. ടീം സ്‌കോര്‍ 192ല്‍ ഒരുമിച്ച ജോടി വേര്‍പിരിഞ്ഞത് 49ാം ഓവറില്‍ 321ല്‍ വച്ചായിരുന്നു. അവസാനത്തെ 10 ഓവറില്‍ ഇംഗ്ലണ്ട് 124 റണ്‍സാണ് വാരിക്കൂട്ടിയത്. ഇതില്‍ ഭൂരിഭാഗവും സ്റ്റോക്‌സ്, വോക്‌സ് എന്നിവരുടെ ബാറ്റില്‍ നിന്നായിരുന്നു.