തലശ്ശേരി: തലശ്ശേരി ജില്ല കോടതി ജീവനക്കാരില്‍ കണ്ടെത്തിയ ശാരീരിക പ്രശ്‌നത്തിന് കാരണം സിക വൈറസ് രോഗമാണെന്ന് കണ്ടെത്തിയതോടെ ജാഗ്രത പുലര്‍ത്താൻ നിര്‍ദേശം.
രണ്ടുദിവസം മുതല്‍ ഏഴു ദിവസം വരെ സികയുടെ രോഗലക്ഷണം നീണ്ടുനില്‍ക്കും.
രോഗം ബാധിച്ച ഈഡിസ് കൊതുകിന്റെ കടിയേറ്റ് പകരുന്ന വൈറല്‍ രോഗമാണ് സിക. തലശ്ശേരി കോടതിയില്‍ അലര്‍ജിയടക്കമുള്ള രോഗബാധിതരുടെ രക്തവും സ്രവവും പരിശോധിച്ചതിലൂടെയാണ് വൈറസ് സ്ഥിരീകരിച്ചത്. 23 പേരില്‍നിന്ന് ശേഖരിച്ച രക്തവും സ്രവവുമാണ് പരിശോധനക്കയച്ചത്.
തലശ്ശേരി കോടതിയിലെ നൂറിലേറെ പേര്‍ക്കാണ് അലര്‍ജിയടക്കമുള്ള രോഗം ബാധിച്ചത്. മെഡിക്കല്‍ ക്യാമ്ബില്‍ 55 പേരെ പരിശോധിച്ചതില്‍ 23 പേരുടെ രക്തവും സ്രവവുമാണ് ശേഖരിച്ച് പരിശോധനക്കയച്ചത്.
തിരുവനന്തപുരം സംസ്ഥാന പബ്ലിക് ഹെല്‍ത്ത് ലാബില്‍ നടത്തിയ പരിശോധനയില്‍ ഏഴ് പേര്‍ക്കും ആലപ്പുഴ വൈറോളജി ലാബില്‍ നടത്തിയ പരിശോധനയില്‍ ഒരാള്‍ക്കും സിക രോഗമുള്ളതായി കണ്ടെത്തി. ഡെങ്കിപ്പനി, ചിക്കുൻഗുനിയ, മഞ്ഞപ്പനി തുടങ്ങിയ രോഗബാധകള്‍ പകരാൻ കാരണമാകുന്ന ഈഡിസ് കൊതുക് തന്നെയാണ് സികയും പരത്തുന്നത്.
പനി, ചുവന്ന പാടുകള്‍, പേശിവേദന, സന്ധിവേദന, തലവേദന, കണ്ണില്‍ ചുവപ്പ് എന്നിവയാണ് രോഗലക്ഷണങ്ങള്‍. ഫ്ലവി വിരിഡേ എന്ന വൈറസ് കുടുംബത്തിലെ സിക വൈറസാണ് രോഗാണു. രോഗാണു ബാധിച്ച ഈഡിസ് കൊതുകുകളാണ് രോഗം പരത്തുന്നത്. ഇത്തരം കൊതുകുകള്‍ പകല്‍ സമയത്താണ് കൂടുതലും കടിക്കുക. വൈറസ് അണുബാധയുള്ള മിക്ക ആളുകള്‍ക്കും രോഗലക്ഷണങ്ങള്‍ കാണാറില്ല.
മരണം അപൂര്‍വമാണ്. രോഗബാധിതരില്‍ നിന്ന് രക്തം സ്വീകരിച്ചാല്‍ രോഗം പകരും. ഗര്‍ഭിണികളില്‍ നിന്ന് ഗര്‍ഭസ്ഥ ശിശുവിനും പകരും. ഗര്‍ഭിണികളെയാണ് സിക വൈറസ് ബാധിക്കുന്നത്. കുട്ടികളിലും മുതിര്‍ന്നവരിലും സിക വൈറസ് രോഗബാധ നാഡീസംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് കാരണമായേക്കാം. അണുബാധ ഗുല്ലിയൻ ബാരി സിൻഡ്രോം, ന്യുറോപതി, മൈലൈറ്റിസ് എന്നിവക്ക് കാരണമാകാം. രോഗബാധിതരുടെ കോശങ്ങള്‍, രക്തം, ശുക്ലം, മൂത്രം എന്നിവയില്‍ വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്.
2016ല്‍ ഗുജറാത്തിലാണ് ഇന്ത്യയില്‍ ആദ്യത്തെ മൂന്ന് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത്. കേരളത്തില്‍ 2021ല്‍ തിരുവനന്തപുരം പാറശാലയില്‍ 24 കാരിയായ ഗര്‍ഭിണിയിലാണ് സിക വൈറസ് രോഗം ആദ്യമായി സ്ഥിരീകരിച്ചത്. തലശ്ശേരി കോടതിയില്‍ രോഗം ബാധിച്ചവരില്‍ സിക വൈറസ് സാന്നിധ്യം കണ്ടെത്തിയതോടെ അപകടകാരികളായ ഈഡിസ് കൊതുകുകളെ തുരത്താൻ ആരോഗ്യ വകുപ്പ് രംഗത്തിറങ്ങിയിരിക്കുകയാണ്. കോടതി മുറ്റത്തും കെട്ടിടത്തിനകത്തും പുറമെയുമെല്ലാം ഞായറാഴ്ചയും അണുനശീകരണം നടത്തി.