കൊച്ചി: ആലുവയിൽ നാണയം വിഴുങ്ങി ചികിത്സ ലഭിക്കാതെ മരിച്ച മൂന്നു വയസുകാരന് കോവിഡ് ഇല്ല. കുട്ടിയുടെ ആന്റിജന്‍ പരിശോധന ഫലം നെഗറ്റീവ് ആണ്.അതേസമയം, സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന് കേസെടുത്തു.
ശനിയാഴ്ച രാവിലെ പതിനൊന്ന് മണിക്കാണ് കുട്ടി നാണയം വിഴുങ്ങിയത്. തുടർന്ന് കുട്ടിയുമായി മാതാപിതാക്കൾ ആലുവ സർക്കാർ ആശുപത്രിയിൽ എത്തി. പീഡിയാട്രീഷൻ ഇല്ലെന്ന് പറഞ്ഞ് അവിടെ നിന്ന് വിട്ടു. തുടർന്ന് എറണാകുളം ജനറൽ ആശുപത്രിയിൽ എത്തിയെങ്കിലും പീഡിയാട്രീഷൻ ഇല്ല എന്ന കാരണം പറഞ്ഞ് അവിടെ നിന്നും മടക്കി അയച്ചു. തുടർന്നാണ് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തുന്നത്.
പഴവും ചോറും നൽകിയാൽ മതിയെന്നും നാണയം പുറത്തു പോകുമെന്നും പറഞ്ഞ് ചികിത്സ നൽകാതെ പറഞ്ഞുവിട്ടെന്ന് മാതാപിതാക്കൾ പറയുന്നു. തുടർന്ന് വീട്ടിലെത്തിയ കുട്ടിയുടെ നില രാത്രിയോടെ വഷളായി. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.