ഡൽഹിയിലെ വായുവിന്റെ ഗുണനിലവാരം മോശമായതോടെ കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി ഉത്തരവിറക്കി. നഗരത്തിൽ അത്യാവശ്യമല്ലാത്ത എല്ലാ നിർമാണ പ്രവർത്തനങ്ങൾക്കും പൊളിക്കൽ ജോലികൾക്കും നിരോധനം ഏർപ്പെടുത്തി. ദേശീയ തലസ്ഥാനത്തിലേക്കുള്ള ലഘു വാണിജ്യ വാഹനങ്ങളുടെയും ഡീസൽ ട്രക്കുകളുടെയും പ്രവേശനവും നിരോധിച്ചിട്ടുണ്ട്.കൂടാതെ സ്‌കൂളുകൾ ഓൺലൈനായി ക്ലാസുകൾ നടത്താനും നിർദേശിച്ചിട്ടുണ്ട്. ഡൽഹി-എൻസിആർ മേഖലയിലെ സർക്കാർ സ്‌കൂളുകൾ അഞ്ചാം ക്ലാസ് വരെയുള്ള കുട്ടികൾക്കുള്ള സ്‌കൂളുകളിൽ നേരിട്ട് നടത്തുന്ന ക്ലാസുകൾ നിർത്തലാക്കാൻ തീരുമാനമെടുത്തേക്കും.
കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റിന് (സിഎക്യുഎം) കീഴിൽ ഗ്രേഡഡ് റെസ്‌പോൺസ് ആക്ഷൻ പ്ലാനിന്റെ (ജിആർഎപി) മൂന്നാം ഘട്ടത്തിന്റെ ഭാഗമായാണ് നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
ജിആർഎപി 3 നടപ്പിലാക്കിയതിന് ശേഷം കർശനമായി നിരോധിച്ചിരിക്കുന്ന പ്രവർത്തനങ്ങൾ:
- ബോറിംഗ്, ഡ്രില്ലിംഗ് ജോലികൾ ഉൾപ്പെടെ കുഴിക്കുന്നതിനും നികത്തുന്നതിനുമുള്ള ജോലികൾ..
- ഫാബ്രിക്കേഷൻ, വെൽഡിംഗ് പ്രവർത്തനങ്ങൾ, പൊളിക്കൽ ജോലികൾ എന്നിവ ഉൾപ്പെടെ എല്ലാ ഘടനാപരമായ നിർമ്മാണ പ്രവർത്തനങ്ങളും.
- പ്രൊജക്റ്റ് സൈറ്റുകൾക്കകത്തോ പുറത്തോ എവിടെയും നിർമ്മാണ സാമഗ്രികൾ കയറ്റുന്നതും ഇറക്കുന്നതും.
- ഫ്ലൈ ആഷ് ഉൾപ്പെടെയുള്ള അസംസ്‌കൃത വസ്‌തുക്കളുടെ കൈമാറ്റം
- നടപ്പാതയില്ലാത്ത റോഡുകളിലൂടെ വാഹനങ്ങളുടെ സഞ്ചാരം
- ഓപ്പൺ ട്രഞ്ച് സംവിധാനം ഉപയോഗിച്ച് മലിനജല ലൈൻ, വാട്ടർലൈൻ, ഡ്രെയിനേജ് വർക്ക്, ഇലക്ട്രിക് കേബിളിംഗ് എന്നിവ സ്ഥാപിക്കൽ
- ടൈലുകൾ, കല്ലുകൾ, മറ്റ് തറ സാമഗ്രികൾ എന്നിവയുടെ മുറിക്കലും ഉറപ്പിക്കലും
- ഗ്രൈൻഡിംഗ് പ്രവർത്തനങ്ങൾ, പൈലിംഗ് ജോലികൾ, വാട്ടർ പ്രൂഫിംഗ് ജോലികൾ, പെയിന്റിംഗ്, പോളിഷിംഗ്, വാർണിഷിംഗ് ജോലികൾ തുടങ്ങിയവ
ഡൽഹി-എൻസിആറിലെ വായുവിന്റെ ഗുണനിലവാരം അവലോകനം ചെയ്യുന്നതിനുള്ള യോഗത്തിൽ, പ്രതികൂല കാലാവസ്ഥയും മറ്റ് സാഹചര്യങ്ങളും കാരണം മലിനീകരണത്തിന്റെ തോത് ഇനിയും വർദ്ധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കമ്മീഷൻ ഫോർ എയർ ക്വാളിറ്റി മാനേജ്‌മെന്റ് അറിയിച്ചു.ഡൽഹിയിലെ എയർ ക്വാളിറ്റി ഇൻഡക്‌സ് (എക്യുഐ) വൈകീട്ട് അഞ്ചിന് 402 പോയിന്റിലേക്ക് എത്തിയിരുന്നു. പൂജ്യത്തിനും 50നും ഇടയിലുള്ള എ.ക്യു.ഐ നല്ലത്, 51നും 100നും ഇടയില്‍ തൃപ്‌തികരം, 101നും 200നും ഇടയില്‍ മിതമായത്, 201നും 300 നും ഇടയില്‍ മോശം, 301നും 400നും ഇടയില്‍ വളരെ മോശം 401നും 500നും ഇടയില്‍ കഠിനമായത് എന്നിങ്ങനെയാണ് വായുഗുണ നിലവാരം കണക്കാക്കുന്നത്.
അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ ദേശീയ തലസ്ഥാനം കനം കുറഞ്ഞ മൂടൽമഞ്ഞിന് സാക്ഷ്യം വഹിക്കാൻ സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു.രാവിലെ 7 മണിയോടെ സഫ്‌ദർജംഗ് ഒബ്‌സർവേറ്ററിയിൽ ദൃശ്യപരത വെറും 500 മീറ്ററായി കുറഞ്ഞു, പകൽ സമയത്ത് താപനില വർദ്ധിക്കുന്നതിനാൽ ഇത് ക്രമേണ 800 മീറ്ററായി മെച്ചപ്പെടുമെന്ന് കാലാവസ്ഥാ വകുപ്പ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സിഎക്യുഎം പറയുന്നത് അനുസരിച്ച്, സെപ്റ്റംബർ 15 മുതൽ പഞ്ചാബിലും ഹരിയാനയിലും വൈക്കോൽ കത്തിക്കുന്ന സംഭവങ്ങളുടെ എണ്ണം കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് യഥാക്രമം 56 ശതമാനവും 40 ശതമാനവും കുറഞ്ഞിട്ടുണ്ട്.
ജിആർഎപി മൂന്നാം ഘട്ടത്തിൽ അവശ്യ സർക്കാർ പദ്ധതികൾ, ഖനനം, കല്ല് പൊടിക്കൽ എന്നിവ ഒഴികെയുള്ള നിർമ്മാണവും പൊളിക്കലും പൂർണ്ണമായി നിർത്തിവയ്ക്കുന്നത് ഉൾപ്പെടുന്നു. ഡൽഹിക്ക് പുറത്ത് രജിസ്‌റ്റർ ചെയ്‌തിട്ടുള്ള ലഘു വാണിജ്യ വാഹനങ്ങളുടെ പ്രവേശന നിരോധനവും ഇതിൽ ഉൾപ്പെടുന്നു.