സുരക്ഷാ ഭീഷണിയെ തുടർന്ന് നടൻ സുരേഷ് ഗോപി പങ്കെടുത്ത പരിപാടി താത്കാലികമായി നിർത്തിവെച്ചു. ഗരുഡൻ എന്ന ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി ട്രാൻസ്‌ജെൻഡേഴ്‌സിനൊപ്പം കേരള പിറവി ആഘോഷത്തിൽ പങ്കെടുക്കാനെത്തിയതായിരുന്നു താരം. അമ്മയുടെ കൊച്ചിയിലെ ആസ്ഥാനത്തായിരുന്നു പരിപാടി നടന്നത്. പരിപാടി പുരോഗമിക്കവെ അവിടെയെത്തിയ പോലീസ് സുരക്ഷാ ഭീഷണിയുണ്ടെന്ന് അറിയിക്കുകയായിരുന്നു. തുടർന്ന് താരത്തേയും അവിടെയുണ്ടായിരുന്നവരേയും സ്ഥലത്ത് നിന്നും മാറ്റുകയും വേദിയിൽ പരിശോധന നടത്തുകയും ചെയ്തു.
പരിശോധന പൂർത്തിയാക്കിയ ശേഷം സുരേഷ് ഗോപി മടങ്ങിയെത്തുകയും പരിപാടി പുനരാരംഭിക്കുകയുമായിരുന്നു.ഇതിനിടെ പരിപാടി തടസ്സപ്പെടുത്താൻ ശ്രമിക്കുന്നുവെന്ന് ആരോപിച്ച് ട്രാൻസ്‌ജെൻഡേഴ്‌സ് പോലീസിനെതിരെ തിരിഞ്ഞിരുന്നു. അതേസമയം 16 വർഷങ്ങൾക്ക് ശേഷം സുരേഷ് ഗോപിയും ബിജു മേനോനും ഒന്നിക്കുന്ന ചിത്രമാണ് ഗരുഡൻ. അരുൺ വർമ്മയാണ് ചിത്രം ഒരുക്കുന്നത്. മിഥുൻ മാനുവൽ തോമസാണ് തിരക്കഥ.