ലോകകപ്പ് യോഗ്യതാമത്സരം: നെയ്മറിനു പരുക്ക്; ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ.

0
56

ലോകകപ്പ് യോഗ്യതാ മത്സരത്തിൽ ബ്രസീലിനെ വീഴ്ത്തി ഉറുഗ്വെ. എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് ബ്രസീലിൻ്റെ വിജയം. ഡാർവിൻ ന്യൂനസ്, നിക്കോളാസ് ഡി ല ക്രൂസ് എന്നിവരാണ് ഗോൾ സ്കോറർമാർ. സൂപ്പർ താരം നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിനു തിരിച്ചടിയായി. താരം ഇനി ഈ സീസണിൽ കളിക്കില്ലെന്നാണ് വിവരം.

വിരസമായിരുന്നു കളി. ആദ്യ അര മണിക്കൂറിൽ എടുത്തുപറയത്തക്ക ആക്രമണം ഇരു ടീമുകളിൽ നിന്നും ഉണ്ടായില്ല. 42ആം മിനിട്ടിൽ ന്യൂനസ് ഉറുഗ്വേയ്ക്ക് ലീഡ് നൽകി. മൈക്കൽ അറഹ്വോയുടെ അസിസ്റ്റിൽ നിന്നായിരുന്നു ന്യൂനസിൻ്റെ ഫിനിഷ്. തൊട്ടുപിന്നാലെ നെയ്മർ പരുക്കേറ്റ് പുറത്തായത് ബ്രസീലിന് ഇരട്ട പ്രഹരമായി. രണ്ടാം പകുതിയിൽ തിരിച്ചടിക്കാൻ ബ്രസീൽ കിണഞ്ഞുശ്രമിച്ചെങ്കിലും സാധിച്ചില്ല. 77ആം മിനിട്ടിൽ ന്യൂനസിൻ്റെ മികച്ച അസിസ്റ്റിൽ നിന്ന് ഡി ല ക്രൂസ് ഗോൾ വല കുലുക്കിയതോടെ ബ്രസീൽ ചിത്രത്തിൽ നിന്ന് പുറത്തായി. കഴിഞ്ഞ കളി വെനിസ്വേലയ്ക്കെതിരെ സമനില വഴങ്ങിയ ബ്രസീൽ നാല് മത്സരങ്ങളിൽ നിന്ന് 7 പോയിൻ്റുമായി മൂന്നാമതാണ്. ഇത്ര തന്നെ പോയിൻ്റുള്ള ഉറുഗ്വെ രണ്ടാമതും 3 കളിയും വിജയിച്ച അർജൻ്റീന 9 പോയിൻ്റുമായി ഒന്നാം സ്ഥാനത്തുമാണ്. ആദ്യ പകുതി അവസാനിക്കുമ്പോൾ പെറുവിനെതിരെ രണ്ട് ഗോൾ ലീഡിൽ നിൽക്കുന്ന അർജൻ്റീന ഈ കളി വിജയിച്ചാൽ ഒന്നാം സ്ഥാനം അരക്കിട്ടുറപ്പിക്കും.

പരുക്കേറ്റ നെയ്മർ ഈ സീസണിൽ കളിക്കില്ലെങ്കിൽ ഏഷ്യൻ ചാമ്പ്യൻസ് ലീഗിൽ മുംബൈ സിറ്റിയെ നേരിടാനെത്തുന്ന അൽ ഹിലാൽ ടീമിലും താരം ഉണ്ടാവില്ല. ഇത്, ഇന്ത്യൻ ആരാധകർക്കും തിരിച്ചടിയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here