മലപ്പുറം: കേരളത്തിലെ ആദ്യ വനിത എക്സൈസ് സബ് ഇൻസ്പെക്ടർ തിരൂർ എക്സൈസ് സർക്കിൾ ഓഫീസിൽ ചുമതലയേറ്റു. ഷൊർണൂർ സ്വദേശി ഒ.സജിതയാണ് ഈ പദവിയിലെത്തുന്ന ആദ്യ വനിത. സ്ത്രീകൾക്കും എക്സൈസ് ഇൻസ്പെക്ടർമാരാവാമെന്ന് സർക്കാർ ഉത്തരവ് ഉണ്ടായിരുന്നു.
2016 ലാണ് വനിതകൾക്കും എക്സൈസ് ഇൻസ്പെക്ടർ ആകാമെന്ന സർക്കാർ തീരുമാനം വരുന്നത്. അങ്ങനെ 2014ൽ സിവിൽ എക്സൈസ് ഓഫിസറായി സർവീസിൽ കയറിയ സജിത വകുപ്പുതല പരീക്ഷയെഴുതി വിജയിച്ച് ഇൻസ്പെക്ടർ പദവിയിലെത്തുന്ന പ്രഥമ വനിതയായി. നേട്ടത്തിൽ ഏറെ സന്തോഷമുണ്ടെന്നും സർവീസിലേക്ക് കൂടുതൽ വനിതകൾ വരുമെന്നാണ് പ്രതീക്ഷയെന്നും സജിത പറഞ്ഞു.
തൃശൂർ ജില്ലയിലെ സിവിൽ എക്സൈസ് ഓഫിസറായിരുന്നു സജിത. ഷൊർണ്ണൂർ ചുഡുവാലത്തൂർ സ്വദേശി കെ.ജി.അജിയുടെ ഭാര്യയാണ്. ഏഴാം ക്ലാസുകാരിയായ മകളുമുണ്ട്.