ശ്രീനഗര്‍: കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടൽ. കശ്മീരിലെ കുല്‍ഗാമിലെ നാഗാന്ദ്-ചിമ്മര്‍ മേഖലയിൽ ഇന്നു രാവിലെയാണ് ഏറ്റുമുട്ടല്‍ ആരംഭിച്ചത്. ഏറ്റുമുട്ടല്‍ തുടരുകയാണെന്നും ഒരാളെ വധിച്ചതായും സൈന്യം അറിയിച്ചു.
ഈ മാസം 5-ാം തീയതി ഇവിടെയുണ്ടായ ഏറ്റുമുട്ടലില്‍ രണ്ടു ഭീകരരെ സൈന്യം വധിച്ചിരുന്നു. കുല്‍ഗാമിലെ അരിയ ഗ്രാമത്തിലായിരുന്നു ഏറ്റുമുട്ടലുണ്ടായത്. കശ്മീരിലെ ഭീകരര്‍ക്കെതിരെ ശക്തമായ തിരച്ചിലാണ് സൈന്യം നടത്തിക്കൊണ്ടിരിക്കുന്നത്.
കശ്മീരിലെ കുപ്‌വാരയിലെ കേരാണ്‍ സെക്ടറിൽ ഇന്നലെയുണ്ടായ ഏറ്റുമുട്ടലില്‍ സൈന്യം ഒരു ഭീകരനെ വധിച്ചിരുന്നു. നിയന്ത്രണ രേഖയ്ക്ക് സമീപമുള്ള ലോഞ്ച് പാഡുകളില്‍ ഇന്ത്യയിലേക്ക് നുഴഞ്ഞു കയറാനായി 300 ഓളം ഭീകരര്‍ തക്കം പാര്‍ത്തിരിക്കുന്നതായാണ് വിവരം. ഇതിന്റെ അടിസ്ഥാനത്തില്‍ നിയന്ത്രണ രേഖയിലും അതിര്‍ത്തി പ്രദേശങ്ങളിലും കര്‍ശന പരിശോധനകളാണ് ഏര്‍പ്പെടുത്തിട്ടുള്ളത്.