തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ യു.എ.ഇ കോണ്‍സുലേറ്റ് അറ്റാഷക്ക് പിന്നാലെ ഗണ്‍മാനെ കാണാനില്ലെന്ന് പരാതി. എആര്‍ ക്യാമ്പിലെ പോലീസുകാരനായ ജയ്‌ഘോഷിനെയാണ് കഴിഞ്ഞ ദിവസം മുതല്‍ കാണാതായത്. ജയ്‌ഘോഷിനെ കാണാനില്ലെന്നു ചൂണ്ടിക്കാട്ടി ബന്ധുക്കള്‍ തുമ്പ പൊലീസ് സ്റ്റേഷനില്‍ പരാതി നല്‍കി.
തുമ്പയിലെ ഭാര്യ വീട്ടില്‍ നിന്നാണ് ജയ്‌ഘോഷിനെ കാണാതായത്. വ്യാഴാഴ്ച വൈകിട്ടോടെ അദ്ദേഹം ഭാര്യയെയും മക്കളെയും കരിമണലിലെ കുടുംബ വീട്ടിലാക്കിയിരുന്നു. ജയ്ഘോഷിന്റെ കൈവശമുണ്ടായിരുന്ന പിസ്റ്റല്‍ പോലീസ് കണ്ടെടുത്തിരുന്നു. നിലവിൽ ജയ്‌ഘോഷിന്റെ മൊബൈല്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലാണ്. ബന്ധുക്കളുടെ പരാതിയില്‍ തുമ്പ പോലീസ് കേസ് എടുത്തിട്ടുണ്ട്.