ന്യൂഡൽഹി: ലോകകപ്പിൽ നെതർലൻഡ്സിനെതിരെ ഹൈദരാബാദിൽ നടന്ന മത്സരത്തിനിടെ മൈതാനത്ത് നിസ്കരിച്ച പാകിസ്ഥാൻ വിക്കറ്റ് കീപ്പർ ബാറ്റർ മുഹമ്മദ് റിസ്വാനെതിരെ അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന് (ഐസിസി) പരാതി. സുപ്രീംകോടതി അഭിഭാഷകനായ വിനീത് ജിൻഡാലാണ് പരാതിക്കാരൻ.
നിരവധി ഇന്ത്യക്കാർ കളി കാണവെ ഗ്രൗണ്ടിൽ നിസ്കരിച്ച റിസ്വാന്റെ പ്രവൃത്തി ക്രിക്കറ്റിന്റെ സ്പിരിറ്റിന് എതിരാണെന്നും തന്റെ മതത്തെ മനഃപൂർവം തുറന്നുകാട്ടുന്നതാണെന്നും ജിൻഡാൽ പരാതിയിൽ ആരോപിച്ചു.
ഹൈദരാബാദിൽ ശ്രീലങ്കക്കെതിരെ നേടിയ ജയവും സെഞ്ചുറിയും ഗാസയിലെ സഹോദരങ്ങൾക്ക് സമർപ്പിക്കുന്നതായി താരം പറഞ്ഞതും പരാതിയിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ഇത് റിസ്വാന്റെ മതപരവും രാഷ്ട്രീയവുമായ പ്രത്യയശാസ്ത്രത്തെ കൂടുതൽ സാക്ഷ്യപ്പെടുത്തുന്നതാണെന്ന് ജിൻഡാൽ കൂട്ടിച്ചേർത്തു.
ശ്രീലങ്കയ്ക്കെതിരായ തന്റെ മാച്ച് വിന്നിംഗ് സെഞ്ച്വറി ഗാസയിലെ ജനങ്ങൾക്ക് സമർപ്പിച്ച് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമായ എക്സിൽ ഇട്ട പോസ്റ്റ് വിവാദമായതിന് ശേഷം റിസ്വാനെതിരെ ഉയരുന്ന രണ്ടാമത്തെ പരാതിയാണിത്.
ഇന്ത്യ-പാകിസ്ഥാൻ മത്സരത്തിൽ മുഹമ്മദ് റിസ്വാൻ ഔട്ടായി ഡ്രസിങ് റൂമിലേക്ക് മടങ്ങുന്നതിനിടെ കാണികൾ ‘ജയ് ശ്രീറാം’ വിളിച്ചതും വലിയ വാർത്തയായിരുന്നു.