അമേരിക്കൻ പ്രസിഡന്‍റ് ഇസ്രായേലിലേക്ക്;

0
71

ഇസ്രായേൽ ഹമാസ് യുദ്ധം തുടരുന്നതിനിടെ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ടെൽ അവീവിലേക്ക്. പ്രസിഡന്‍റ് നാളെ ഇസ്രായേലിലെത്തുമെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്‍റണി ബ്ലിങ്കെൻ പ്രതികരിച്ചു. ടെൽ അവീവിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി ബൈഡൻ കൂടിക്കാഴ്ച നടത്തും. നയതന്ത്രതല ചർച്ചകൾക്ക് പിന്നാലെയാണ് പ്രസിഡന്‍റ് ഇസ്രായേലിലേക്ക് പോകുമെന്ന് ബ്ലിങ്കെൻ അറിയിച്ചത്.ഗാസയ്ക്ക് സഹായം നൽകാനും ഇസ്രായേലും വാഷിംഗ്ടണും തീരുമാനിച്ചതായും യുഎസ് സ്റ്റേറ്റ് സെക്രട്ടറി പറഞ്ഞു.

‘ഇസ്രായേലുമായുള്ള അമേരിക്കയുടെ ഐക്യദാർഢ്യവും തങ്ങളുടെ പ്രതിബദ്ധതയും പ്രസിഡന്‍റ് വീണ്ടും ഉറപ്പിക്കും,’ ചൊവ്വാഴ്ച രാവിലെ ടെൽ അവീവിൽ ബ്ലിങ്കെൻ പറഞ്ഞു. ഹമാസിൽ നിന്നും മറ്റ് ഭീകരരിൽ നിന്നും തങ്ങളുടെ ജനങ്ങളെ സംരക്ഷിക്കാനും ഭാവിയിലെ ആക്രമണങ്ങൾ തടയാനും ഇസ്രായേലിന് അവകാശവും കടമയും ഉണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.അതേസമയം ജറുസലേമിലും ടെൽ അവീവിലും റോക്കറ്റ് ആക്രമണം നടത്തിയെന്ന് ഹമാസ് അവകാശപ്പെട്ടു.

ലെബനോനിലെ ഹിസ്ബുള്ള താവളം വീണ്ടും ആക്രമിച്ചുവെന്ന് ഇസ്രയേലും വ്യക്തമാക്കിയിട്ടുണ്ട്. 199 പേരാണ് ഹമാസിന്‍റെ ബന്ദികളായി ഉള്ളതെന്നാണ് ഇസ്രയേൽ പറയുന്നത്. അതിനിടെ ബന്ദികളിൽ ഒരാളുടെ ദൃശ്യം ഹമാസ് പുറത്തുവിടുകയും ചെയ്തു.ഗാസയില്‍ സ്ഥിതി അതീവ ഗുരുതരമായി തുടരുകയാണ്.

ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 2808 പേർ കൊല്ലപ്പെട്ടതായി ഹമാസ് മീഡിയ ഓഫീസ് അറിയിച്ചു. നാലിലൊന്നും കുട്ടികളാണെന്നാണ് റിപ്പോർട്ട്. മിനിറ്റിൽ ഒരാൾ വീതം പരുക്കുകളോടെ ആശുപത്രികളിൽ എത്തുകയാണെന്നും അടിയന്തര സഹായമെത്തിയില്ലെങ്കിൽ വൻ ദുരന്തമുണ്ടാകുമെന്നും ലോകാരോഗ്യ സംഘടന മുന്നറിയിപ്പു നൽകി.

വ്യോമാക്രമണത്തിൽ തകർന്ന കോൺക്രീറ്റ് അവശിഷ്ടങ്ങൾക്കടിയിൽ ആയിരത്തിലേറെയാളുകളാണ് കുടുങ്ങിക്കിടക്കുന്നത്. യുദ്ധം തുടരുന്ന സാഹചര്യത്തിൽ രക്ഷാപ്രവർത്തനം ദുഷ്കരമാവുകയാണ്. ഗാസയിലെ ആശുപത്രികൾ ഇന്ധനമില്ലാതെ പ്രതിസന്ധിയിലേക്ക് പോവുകയാണെന്ന് യുഎൻ അറിയിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here