കോഴിക്കോട് • നൈനാംവളപ്പിൽ ഇത്തവണയും ഹർത്താൽ പടിക്കുപുറത്ത്. പോപ്പുലർ ഫ്രണ്ട് വെള്ളിയാഴ്ച ആഹ്വാനം ചെയ്ത ഹർത്താലിൽ നഗരത്തിൽ കടകമ്പോളങ്ങൾ അടഞ്ഞു കിടന്നപ്പോൾ നൈനാംവളപ്പിൽ കടകളിൽ തിരക്കോടുതിരക്ക് ആയിരുന്നു. 5 പതിറ്റാണ്ടു മുൻപൊരു ബന്ദ് ദിനത്തിൽ പ്രദേശവാസികൾ റുഹാനി അബൂബക്കറിന്റെ ചൂടുചായ കുടിച്ചു എടുത്ത തീരുമാനത്തിനു തലമുറകൾക്കിപ്പുറവും ഭംഗം വന്നില്ല.
നൈനാംവളപ്പ് പ്രദേശത്തും ബന്ദും ഹർത്താലും വേണ്ടെന്ന തീരുമാനം അന്നെടുത്തതാണ്. പിന്നീട് പല സംഘടനകൾ ഒറ്റയ്ക്കും കൂട്ടായും ബന്ദും ഹർത്താലും നടത്തിയെങ്കിലും ഒന്നും നൈനാംവളപ്പിനെ തൊട്ടില്ല. അഞ്ച് പതിറ്റാണ്ടു മുൻപ് റുഹാനി അബൂബക്കർ എന്നൊരാൾ ബന്ദ് ദിനത്തിൽ തന്റെ ചായക്കട തുറന്നു. പള്ളിക്കണ്ടി ബിച്ചമ്മദിന്റെ നേതൃത്വത്തിൽ ബന്ദ് അനുകൂലികൾ കട പൂട്ടിക്കാൻ എത്തി. ബന്ദ് അനുകൂലികളെ തടയാൻ പൗരപ്രമുഖൻ എൻ.പി.ഇമ്പിച്ചമ്മദും രംഗത്തെത്തി, വാക്കേറ്റമായി.
അതിനിടയിൽ ബിച്ചമ്മദിന്റെ ജ്യേഷ്ഠ സഹോദരൻ ഹംസക്കോയ വന്നു. അദ്ദേഹം ബിച്ചമ്മദിന്റെ കവിളിൽ ആഞ്ഞൊരടി. അതോടെ കട പൂട്ടിക്കാൻ വന്ന എല്ലാവരും സ്ഥലം വിട്ടു. അന്നാണു ബന്ദും ഹർത്താലും വേണ്ടെന്ന തീരുമാനം എടുത്തത്. പിന്നീട് ഒരു ബന്ദ് ദിനത്തിൽ നൈനാംവളപ്പിൽ കട പൂട്ടിക്കുമെന്നും ആരും കടലിൽ പോകരുതെന്നും ബന്ദ് അനുകൂലികൾ നേരത്തേ പ്രദേശത്തുകാരോടു പറഞ്ഞു.
അതിനെ നേരിടാൻ അവിടെയുള്ള മുതിർന്നവരും യുവാക്കളും തയാറെടുത്തു. ആളുകൾ മത്സ്യബന്ധനത്തിനു പോകുകയും കടകൾ തുറക്കുകയും ചെയ്തു. ബന്ദ് അനുകൂലികൾ വൻ പ്രകടനമായി പ്രദേശത്തേക്കു നീങ്ങി. എന്തിനും തയാറായി റോഡിൽ നിൽക്കുന്ന നൈനാംവളപ്പിലെ ജനത്തെ കണ്ടതോടെ പ്രകടനം വഴിമാറി പോയി. പിന്നീട് ആരും കട പൂട്ടിക്കാൻ വന്നിട്ടുമില്ല.
ഹർത്താൽ നടത്തുന്നവർ ക്ഷീണം തീർക്കാൻ നൈനാംവളപ്പിലെ ഹോട്ടലിലും കടകളിലുമാണ് പോകുന്നത്. വെള്ളിയാഴ്ച സാധാരണപോലെ ഹോട്ടലുകളും കടകളും തുറന്നു, ജനം സാധാരണ ചെയ്യുന്ന ജോലികളിൽ വ്യാപൃതരായി. കടകളിൽ രാവിലെ മുതൽ തിരക്കായിരുന്നു. ഹോട്ടലുകളിൽ പല ഭാഗത്തുനിന്നും ആളുകളെത്തി. പ്രദേശത്തുകാർക്കു ചായ കുടിക്കാൻ സ്ഥലം കിട്ടാത്ത സ്ഥിതിയായിരുന്നു.