ലണ്ടന്‍: ബ്രിട്ടനില്‍ അധികാരമേറ്റതിന് പിന്നാലെ മന്ത്രിസഭയില്‍ മാറ്റങ്ങളുമായി ഋഷി സുനാക്. അദ്ദേഹത്തിന്റെ വിശ്വസ്തരെ തന്നെയാണ് മന്ത്രിസഭയിലേക്ക് കൊണ്ടുവന്നിരിക്കുന്നത്. തന്റെ മുന്‍ഗാമികളുടെ പിഴവുകള്‍ തിരുത്തുമെന്ന് ഋഷി ഉറപ്പ് നല്‍കിയിട്ടുണ്ട്. ലിസ് ട്രസ്സിന്റെ മന്ത്രിസഭയിലുള്ള പ്രമുഖരെ അദ്ദേഹം മാറ്റിയിട്ടുണ്ട്. ആഭ്യന്തര മന്ത്രിയായി സുവെല്ലു ബ്രാവര്‍മാനെ നിയമിച്ചിട്ടുണ്ട്.
ജെറമി ഹണ്ട് തന്നെയാണ് പുതിയ ധനകാര്യ മന്ത്രി. ഇന്ത്യന്‍ വംശജയാണ് സുവെല്ല ബ്രാവര്‍മാന്‍. അതേസമയം ട്രസ്സിന്റെ മന്ത്രിസഭയിലുണ്ടായിരുന്ന പലരോടും രാജിവെക്കാന്‍ സുനാക് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനൊപ്പമാണ് സുപ്രധാനപ്പെട്ട മൂന്ന് പേരെ നിയമിച്ചത്.
അതേസമയം ഉപപ്രധാനമന്ത്രിയായി ഡൊമിനിക് റാബിനെയും നിയമിച്ചിട്ടുണ്ട്. നേരത്തെ ഒരു ഇമെയില്‍ അയക്കുന്നതിലെ സാങ്കേതിക പിഴവ് കാരണമാണ് സുവെല്ല ബ്രാവര്‍മാന്‍ നേരത്തെ രാജിവെച്ചത്. കണ്‍സര്‍വേറ്റീവ് പാര്‍ട്ടി എംപിയാണ് സുവെല്ല. ഡൊമിനിക് റാബ്, ഋഷി സുനാകിന്റെ വിശ്വസ്തരിലൊരാളാണ്. നീതി ന്യായ വകുപ്പിന്റെ ചുമതലയും റാബിനാണ്. ബോറിസ് ജോണ്‍സന്‍ സര്‍ക്കാരിലും ഇതേ വകുപ്പുകള്‍ തന്നെയാണ് അദ്ദേഹം കൈകാര്യം ചെയ്തിരുന്നത്. ആ സര്‍ക്കാരില്‍ ഉപപ്രധാനമന്ത്രിയുമായിരുന്നു അദ്ദേഹം.
സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി നില്‍ക്കുകയാണ് ബ്രിട്ടന്‍. സാമ്പത്തിക രംഗത്തെ ശക്തിപ്പെടുത്താനാണ് ജെറമി ഹണ്ടിനെ ധനമന്ത്രി സ്ഥാനത്ത് നിന്ന് മാറ്റാതിരുന്നത്. ഋഷിയുടെ വിശ്വസ്തനാണ് ഹണ്ട്. നികുതി വെട്ടിക്കുറച്ച ലിസ് ട്രസ്സിന്റെ മിനി ബജറ്റിനെ മാറ്റിയെഴുതിയത് ജെറമി ഹണ്ടാണ്. അടിമുടി മാറിയ സാമ്പത്തിക രീതി ഋഷി സുനാക് മന്ത്രിസഭയില്‍ നിന്ന് പ്രതീക്ഷിക്കാം. വിദേശകാര്യ മന്ത്രിയായി ജെയിംസ് ക്ലെവര്‍ലി തന്നെ തുടരും. ജനങ്ങളുടെ തൊഴിലിനും, സാധാരണക്കാരെ സംരക്ഷിക്കുന്നതിലുമാണ് തന്റെ ശ്രദ്ധയെന്ന് ക്ലെവര്‍ലി പറഞ്ഞു.