പ്രി ബുക്കിങിൽ 5.4 കോടി നേടി ‘ലിയോ’; തമിഴ്നാട്ടിൽ നിന്നും ആരാധകർ കേരളത്തിലേക്ക്.

0
71

വിജയ് ആരാധകർ ആവേശത്തോടെ കാത്തിരിക്കുന്ന ലോകേഷ് കനകരാജ് ചിത്രം ലിയോ പ്രദർശനത്തിന് ഒരുങ്ങുകയാണ്. ഈ മാസം 19ന് ചിത്രം തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തും. ‘ചിത്രത്തിന്റെ ഓൺലൈൻ ബുക്കിങ് ഞായറാഴ്ച ആരംഭിച്ചിരുന്നു. ചൂടപ്പം പോലെയാണ് ടിക്കറ്റുകൾ ഓൺലൈനിലൂടെ വിറ്റുപോയത്. ഇന്നലെ മാത്രം ഓൺലൈനിലൂടെ വിറ്റത് ഏകദേശം മൂന്നര ലക്ഷത്തോളം ടിക്കറ്റുകളാണ്. എൺപതിനായിരം ടിക്കറ്റുകളാണ് ആദ്യ ഒരു മണിക്കൂറിൽ വിറ്റുപോയത്.

2263 ഷോകളിൽ നിന്നായി കേരളത്തിലെ പ്രി സെയ്ൽസ് കളക്ഷനിൽ ലിയോ ഇതുവരെ 5.4 കോടിയാണ് നേടിയത്. പ്രീ- സെയ്‌ലില്‍ ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം കിങ് ഓഫ് കൊത്തയെ ലിയോ വീഴ്ത്തി കഴിഞ്ഞു. 3.43 കോടി ആയിരുന്നു കൊത്തിയുടെ പ്രീ- സെയില്‍ ബിസിനസ്. കെജിഎഫ് 2(4.3 കോടി), ബീസ്റ്റ് (3.41കോടി) എന്നീ ചിത്രങ്ങളാണ് യഥാക്രമം മൂന്നും നാലും സ്ഥാനങ്ങളില്‍ ഉള്ളത്.

ഈ വർഷം റിലീസ് ചെയ്ത രജനി ചിത്രം ‘ജയിലർ’ ആദ്യ ദിവസം കലക്‌ട് ചെയ്തത് 5.85 കോടിയാണ് ഈ റെക്കോർഡും പ്രിസെയ്‌ൽസ് ബിസിനസുകൊണ്ടു തന്നെ ലിയോ തകർത്തേക്കും. തമിഴ്നാട്ടിൽ നിന്നുള്ള ആളുകളും രാവിലെയുള്ള ഫാൻസ് ഷോ കാണാൻ കേരളത്തിലേക്കെത്തുന്നതാണ് ഇത്രയും വലിയ കളക്ഷൻ ഉയരാൻ കാരണം. കേരളത്തിൽ നാല് മണി, ഏഴ് മണി, അഞ്ചര എന്നിങ്ങനെയാണ് ഫാൻസ് ഷോയുടെ സമയങ്ങൾ ക്രമീകരിച്ചിരിക്കുന്നത്.

അതേസമയം തമിഴ്നാട്ടിൽ പുലർച്ചെയുള്ള ഫാൻസ് ഷോ നിരോധിച്ചതോടെ തമിഴ്‌നാട്ടിൽ ഉള്ള വിജയ് ആരാധകർ കേരളത്തിലേക്ക് എത്തുമെന്നുമാണ് പ്രതീക്ഷ. നാല് മണിക്കും ആറ് മണിക്കുമുള്ള ഷോകൾ തടഞ്ഞു കൊണ്ട് സർക്കാർ ഉത്തരവിറക്കിയിരിരുന്നു. നിയമലംഘനം നടക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാനായി പ്രത്യേക ടീമിനെ രൂപീകരിച്ചിട്ടുണ്ട്. സർക്കാർ ഉത്തരവ് ലംഘിക്കുന്നവർക്കെതിരെ കടുത്ത നടപടിയുണ്ടാകുമെന്നും സർക്കാർ അറിയിച്ചു. ഇന്നലെയാണ് തമിഴ്‌നാട് സർക്കാർ ലിയോ പ്രദർശനം സംബന്ധിച്ച് ചില നിബന്ധനകൾ ഏർപ്പെടുത്തി ഉത്തരവിറക്കിയത്.

ഒരു ദിവസം അഞ്ച് ഷോ മാത്രമെ പാടുള്ളൂ എന്നായിരുന്നു ഉത്തരവ്. അടുത്തിടെ അനുവദിച്ച സ്‌പെഷ്യൽ ഷോകൾ ഉൾപ്പെടെയായിരുന്നു അത്. രാവിലെ 9 മണിക്ക് ആരംഭിച്ചാൽ അർധരാത്രി 1.30ന് ഷോ അവസാനിപ്പിക്കണമെന്നും ഒക്ടോബർ 19 മുതൽ 24 വരെയാണ് നിബന്ധ ബാധകമെന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. സിനിമ പ്രദർശിപ്പിക്കാൻ അനുമതി ലഭിച്ച തീയേറ്ററുകൾക്ക് സുരക്ഷ ഏർപ്പെടുത്തണമെന്ന് പോലീസും അറിയിച്ചിട്ടുണ്ട്. കേരളത്തിൽ പുലർച്ചെ നാല് മണി മുതലാണ് ഫാൻസ് ഷോ ആരംഭിക്കുന്നത്. പിവിആറിൽ പോലും ചരിത്രത്തിലാദ്യമായി വെളുപ്പിന് അഞ്ചര മണിക്ക് ഷോ വച്ചിരിക്കുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here