ഇവ നിങ്ങളുടെ ഭക്ഷണത്തിന്റെ രുചി വർദ്ധിപ്പിക്കുക മാത്രമല്ല, നിങ്ങളുടെ ഭക്ഷണത്തിൽ വൈവിധ്യമാർന്ന പോഷകങ്ങൾ ചേർക്കുകയും ചെയ്യുന്നു. പട്ടാണിക്കടല എങ്ങനെയാണ് നിങ്ങളുടെ ആരോഗ്യത്തിന് സഹായകമാകുന്നത് എന്ന് നോക്കാം.
ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്നു: പട്ടാണിക്കടലയിൽ പ്രോട്ടീനും നാരുകളും അടങ്ങിയിട്ടുണ്ട്. അതുകൊണ്ട് തന്നെ നിങ്ങളുടെ വിശപ്പ് വേഗത്തിൽ കുറയും. വയറ് നിറഞ്ഞത് പോലെ തോന്നും. അതിനാൽ ഇടയ്ക്കിടെ ഭക്ഷണം കഴിക്കണം എന്ന് തോന്നില്ല, ഫലപ്രദമായി ശരീരഭാരം കുറയ്ക്കാൻ ഗ്രീൻപീസ് ഉപയോഗിച്ച് നിങ്ങൾക്ക് സൂപ്പ് തയ്യാറാക്കാം. ഇതിൽ കലോറി കുറവ് ആണ്.
സസ്യ പ്രോട്ടീന്റെ നല്ല ഉറവിടം: പ്രോട്ടീൻ നമ്മുടെ ശരീരത്തിന് അത്യന്താപേക്ഷിതമാണ്. ഏകദേശം അരക്കപ്പ് കടലയിൽ 4 ഗ്രാം പ്രോട്ടീൻ അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ മാത്രമല്ല ഇതിൽ ഇരുമ്പ്, ഫോളേറ്റ്, വിറ്റാമിൻ എ, കെ, സി എന്നിവയും അടങ്ങിയിട്ടുണ്ട്. പ്രോട്ടീൻ ശരീരഭാരം കുറയ്ക്കാനും പേശികളുടെ ശക്തി വർദ്ധിപ്പിക്കാനും സഹായിക്കുന്നു.
ആരോഗ്യകരമായി രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കുന്നു: രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ പട്ടാണിക്കടല സഹായിക്കും. പട്ടാണിക്കടലയുടെ കുറഞ്ഞ ജി ഐ സ്കോർ ഇതിനെ പ്രമേഹ സൗഹൃദമാക്കുന്നു. പട്ടാണിക്കടല രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് ഉയരുന്നത് തടയും. പ്രമേഹ സാധ്യത കുറയ്ക്കാൻ നിങ്ങൾക്ക് സഹായകമാവുകയും ചെയ്യും എന്ന് പറയപ്പെടുന്നു.
ദഹനത്തിന് നല്ലത്: പട്ടാണിക്കടലയിലെ ഉയർന്ന അളവിലുള്ള നാരുകൾ ആരോഗ്യകരമായ ദഹനത്തെ പ്രോത്സാഹിപ്പിക്കും. നാരുകൾ മല വിസർജ്ജനം മെച്ചപ്പെടുത്തുകയും , ഇറിറ്റബിൾ ബവൽ സിൻഡ്രോം, മലബന്ധം തുടങ്ങിയ അവസ്ഥകൾ തടയുകയും ചെയ്യുന്നു.
ഹൃദയാരോഗ്യവും പ്രതിരോധശേഷിയും വർദ്ധിപ്പിക്കും: മഗ്നീഷ്യം, പൊട്ടാസ്യം തുടങ്ങിയ ധാതുക്കൾ നിങ്ങളുടെ ഹൃദയത്തിന് ഗുണം ചെയ്യും. ഉയർന്ന രക്തസമ്മർദ്ദം നിയന്ത്രിക്കാനും ഇവ സഹായിക്കുന്നതാണ്. ഗ്രീൻപീസ് അടങ്ങിയ വൈറ്റമിൻ സിയും ആന്റിഓക്‌സിഡന്റുകളും പ്രതിരോധ ശേഷി വർദ്ധിപ്പിക്കാൻ സഹായിക്കുന്നു.