ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരികെ കൊണ്ടുവരാൻ ഓപ്പറേഷൻ അജയ് ആരംഭിക്കുമെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കർ പറഞ്ഞു. ഇതിനായി പ്രത്യേക ചാർട്ടർ ഫ്ലൈറ്റുകളും മറ്റ് ക്രമീകരണങ്ങളും ഏർപ്പെടുത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
നിലവിൽ പാലസ്തീൻ ഗ്രൂപ്പായ ഹമാസുമായി യുദ്ധം ചെയ്യുന്ന രാജ്യത്ത് 20,000 ത്തിലധികം ഇന്ത്യക്കാർ താമസിക്കുന്നുണ്ടെന്ന് മുംബൈയിലെ ഇസ്രായേൽ കോൺസൽ ജനറൽ കോബി ശോഷാനി വാർത്താ ഏജൻസിയായ പിടിഐയോട് പറഞ്ഞു. ഇസ്രായേലിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ കൃത്യമായ കണക്ക് തനിക്കറിയില്ലെന്നും ശോഷാനി കൂട്ടിച്ചേർത്തു.
സംസ്ഥാനത്ത് നിന്നുള്ള ഏഴായിരത്തോളം പേർ ഇസ്രായേലിലുണ്ടെന്നും അവരുടെ സുരക്ഷ ഉറപ്പാക്കാൻ ഇടപെടണമെന്നും ആവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ ചൊവ്വാഴ്ച ജയശങ്കറിന് കത്തയച്ചിരുന്നു.
ഇസ്രയേലിൽ കുടുങ്ങിക്കിടക്കുന്ന തമിഴ്നാട്ടിലുള്ള 84 പേരെ കുറിച്ച് വിവരം ലഭിച്ചതായി തമിഴ്‌നാട് സർക്കാർ പ്രസ്താവനയിൽ അറിയിച്ചു. കുടുങ്ങിപ്പോയ ഇന്ത്യക്കാർ തുടർ പഠനത്തിനോ ബിസിനസ്സിനോ വിനോദസഞ്ചാരികളായോ ഇസ്രായേലിലേക്ക് പോയതാണെന്നും അധികൃതർ പറഞ്ഞു.
ഇസ്രയേലിൽ കുടുങ്ങിയ നടി നുഷ്രത്ത് ബറൂച്ച ഒക്ടോബർ എട്ടിനാണ് മുംബൈയിൽ തിരിച്ചെത്തിയത്. യുദ്ധം പൊട്ടിപ്പുറപ്പെട്ടപ്പോൾ അവർ ഹൈഫ അന്താരാഷ്ട്ര ചലച്ചിത്രമേളയിൽ പങ്കെടുക്കുകയായിരുന്നു.
സ്ഥിതിഗതികൾ നിരീക്ഷിക്കാനും സഹായം ആവശ്യമായി വരുന്ന ഇന്ത്യക്കാർക്ക് വിവരങ്ങളും സഹായവും നൽകാനും വിദേശകാര്യ മന്ത്രാലയം ഡൽഹിയിൽ 24 മണിക്കൂർ കൺട്രോൾ റൂമും, കൂടാതെ ടെൽ അവീവിലും റാമല്ലയിലും പ്രത്യേക അടിയന്തര ഹെൽപ്പ് ലൈനുകളും സ്ഥാപിച്ചിട്ടുണ്ട്.
അതേസമയം ഇസ്രായേലും ഹമാസും തമ്മിലുള്ള യുദ്ധം ബുധനാഴ്ച അഞ്ചാം ദിവസത്തിലേക്ക് കടന്നു. ഇരുപക്ഷവും പരസ്പരം തുടർച്ചയായി ആക്രമണത്തിൽ ഏർപ്പെട്ടതോടെ ചില പുതിയ സംഘടനകളും യുദ്ധത്തിന്റെ ഭാഗമായി.
ഇസ്രയേലിനു നേരെ മിസൈലുകൾ തൊടുത്തുവിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് ലെബനനിൽ നിന്നുള്ള രാഷ്ട്രീയ പാർട്ടിയും തീവ്രവാദ ഗ്രൂപ്പുമായ ഹിസ്ബുള്ള പറഞ്ഞു. വടക്കൻ രാജ്യങ്ങളിൽ നിന്ന് ഷെല്ലുകൾ വിക്ഷേപിച്ച് സിറിയയും ഇസ്രായേലിനെ ആക്രമിക്കുന്നുണ്ടെന്ന് സേന പറയുന്നു. എന്നാൽ സിറിയൻ സായുധ സേനയാണ് ഷെല്ലുകൾ പ്രയോഗിച്ചതെന്ന് ഇസ്രായേൽ സേനയ്ക്ക് സ്ഥിരീകരിക്കാൻ കഴിഞ്ഞിട്ടില്ല.