കരുവന്നൂര്‍ സഹകരണ ബാങ്കിലെ തട്ടിപ്പിനെതിരെ നടത്തിയ പദയാത്രയിൽ നടനും ബിജെപി നേതാവുമായ സുരേഷ് ഗോപിക്കെതിരെ പോലീസ് കേസെടുത്തു. സംസ്ഥാന പാതയില്‍ ഗതാഗത തടസ്സം ഉണ്ടാകുന്ന രീതിയില്‍ പ്രകടനം നടത്തിയതിന് എതിരെയാണ് കേസ്. പദയാത്രകള്‍ സംഘടിപ്പിച്ച ബിജെപി, കോണ്‍ഗ്രസ് ജില്ലാ, മണ്ഡലം നേതാക്കള്‍ ഉള്‍പ്പെടെ ഇരു പാര്‍ട്ടികളിലുമുള്ള കണ്ടാലറിയാവുന്ന അഞ്ഞൂറോളം പേര്‍ക്കെതിരെയാണ് ഇരിങ്ങാലക്കുട പോലീസ് കേസെടുത്തത്.
ഗാന്ധിജയന്തി ദിനമായ ഒക്ടോബര്‍ രണ്ടിനായിരുന്നു സുരേഷ് ഗോപിയുടെ നേതൃത്വത്തില്‍ ബിജെപി സഹകാരി സംരക്ഷണ പദയാത്ര സംഘിടിപ്പിച്ചത്. കരുവന്നൂര്‍ ബാങ്ക് തട്ടിപ്പിന് എതിരെ കോണ്‍ഗ്രസും പദയാത്ര സംഘടിപ്പിച്ചിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രനാണ് പദയാത്ര ഉദ്ഘാടനം ചെയ്‌തത്. കരുവന്നൂരില്‍ സിപിഐഎം ഊറ്റിയെടുത്തത് സാധാരണക്കാരന്റെ ചോരയാണ്. സുരേഷ് ഗോപിയെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാന്‍ ഒരു കരുവന്നൂരിന്റെ ആവശ്യവും ബിജെപിക്കില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. മേജര്‍ രവി ഉള്‍പ്പെടെയുള്ളവര്‍ പദയാത്രയുടെ ഭാഗമാകാനെത്തി.
അതേസമയം, ബിജെപി പദയാത്രക്കെതിരെ സഹകരണ മന്ത്രി വിഎന്‍ വാസവന്‍ രംഗത്തെത്തിയിരുന്നു. ബിജെപി മാര്‍ച്ച് രാഷ്ട്രീയ പ്രേരിതമാണെന്നും മൂന്നു വര്‍ഷം മുന്‍പ് നടന്ന സംഭവത്തില്‍ ഇപ്പോള്‍ ജാഥ നടത്തുന്നത് പരിഹാസ്യമാണെന്നും മന്ത്രി പറഞ്ഞു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് മുന്നില്‍കണ്ടാണ് ബിജെപി നീക്കമെന്നും മന്ത്രി പറഞ്ഞു.