സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023

0
178

ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ കാലം ജീവിക്കുന്നു. കേരളം, രാജസ്ഥാൻ, ഹരിയാന, ഗുജറാത്ത്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു കശ്മീരിലെ കേന്ദ്രഭരണ പ്രദേശങ്ങൾ എന്നിവിടങ്ങളിൽ സ്ത്രീകളുടെ ആയുർദൈർഘ്യം പുരുഷന്മാരേക്കാൾ കൂടുതലാണെന്ന് ഐക്യരാഷ്ട്രസഭയുടെ ഇന്ത്യ ഏജിംഗ് റിപ്പോർട്ട് 2023 പറയുന്നു. ജനിതകപരവും ജീവിതശൈലീപരവുമായ വിവിധ കാരണങ്ങൾ ഇതിനു പിന്നിലുണ്ടെന്ന് ഗവേഷകർ ചൂണ്ടിക്കാട്ടുന്നു.

ആദ്യത്തേത് സെക്‌സ് ഹോർമോണുകളുടെ സ്വാധീനമാണ്. സ്ത്രീകളിൽ ഈസ്ട്രജനാണ് പ്രധാനമായി ഉത്പാദിപ്പിക്കുന്ന സെക്‌സ് ഹോർമോൺ. പുരുഷൻമാരിൽ ടെസ്റ്റോസ്റ്റിറോണും. സ്ത്രീകളിലെ ഈസ്ട്രജൻ, ഒട്ടേറെ ഹൃദ്രോഗങ്ങളിൽ നിന്നും ധമനീരോഗങ്ങളിൽ നിന്നും അവരെ രക്ഷിക്കും. എന്നാൽ പുരുഷ ഹോർമോണായ ടെസ്റ്റോസ്റ്റിറോണിന്റെ ഉയർന്ന അളവ് പുരുഷൻമാരിൽ പ്രോസ്‌ട്രേറ്റ് കാൻസർ ഉൾപ്പെടെ പ്രശ്‌നങ്ങളുണ്ടാക്കും.

ടെസ്റ്റോസ്റ്റിറോണിന്റെ അളവ് വർധിക്കുന്നത് പുരുഷൻമാരിൽ അക്രമണോത്സുകതയും സാഹസികതയും കൂട്ടും. ഇത് വഴി അപകടങ്ങൾ പറ്റി ആയുർദൈർഘ്യം കുറയാനുള്ള സാധ്യതയും ഏറെയാണെന്നു ഗവേഷകർ പറയുന്നു. സ്ത്രീകൾക്ക് ജനിതകപരമായുള്ള മേൽക്കൈയെപ്പറ്റിയും ഗവേഷകർ പറയുന്നു. സ്ത്രീകൾക്ക് രണ്ട് എക്‌സ് ക്രോമസോമുകളും പുരുഷന് ഒരു എക്‌സ് ക്രോമസോമും ഒരു വൈ ക്രോമസോമുമാണുള്ളത്. വൈ ക്രോമസോമിനെ അപേക്ഷിച്ച് എക്‌സ് ക്രോമസോം കൂടുതൽ പൂർണമാണ്. ഒരു എക്‌സ് ക്രോമസോമിൽ എന്തെങ്കിലും ജനിതകകുഴപ്പമുണ്ടായാലും മറ്റൊരു എക്‌സ് ക്രോമസോമുള്ളതിനാൽ സ്ത്രീകളുടെ ആരോഗ്യം ബാധിക്കപ്പെടുന്നത് കുറവാണെന്നും കണ്ടെത്തിയിട്ടുണ്ട്.

ഇതിനുപുറമെ 2050 ആകുമ്പോഴേക്കും രാജ്യത്തെ വയോജനങ്ങളുടെ ശതമാനം ഇരട്ടിയാവുമെന്നും അതുമൂലം പ്രായമായവരുടെ എണ്ണം മൊത്തം ജനസംഖ്യയുടെ 20 ശതമാനമായി മാറുമെന്നും റിപ്പോർട്ട് കണക്കാക്കുന്നു. നിലവിൽ, 60 വയസ്സിന് മുകളിലുള്ള പ്രായമായവരുടെ ജനസംഖ്യ ആഗോള ജനസംഖ്യയുടെ 13.9 ശതമാനമാണ്, ഈ കണക്ക് 2050 ആകുമ്പോഴേക്കും 2.1 ബില്യണായി ഇരട്ടിയാകുമെന്ന് പ്രതീക്ഷിക്കുന്നു, ഇത് മൊത്തം ലോക ജനസംഖ്യയുടെ 22 ശതമാനമായിരിക്കും.

LEAVE A REPLY

Please enter your comment!
Please enter your name here