യുകെ പ്രധാനമന്ത്രി ഋഷി സുനക് വീണ്ടും ഇന്ത്യ സന്ദര്‍ശിക്കുമെന്ന് റിപ്പോര്‍ട്ട്. ഒക്ടോബര്‍ അവസാനത്തോടെ അദ്ദേഹം ഇന്ത്യയിലെത്തുമെന്നാണ് വിവരം. ദസറയ്ക്ക് ശേഷം അദ്ദേഹത്തിന്റെ സന്ദര്‍ശനം ഉണ്ടാകുമെന്നും വൃത്തങ്ങള്‍ അറിയിച്ചു. 2022 ഒക്ടോബറില്‍ യുകെ പ്രധാനമന്ത്രിയായതിന് ശേഷമുള്ള അദ്ദേഹത്തിന്റെ രണ്ടാമത്തെ ഇന്ത്യാ സന്ദര്‍ശനമാണിത്. സെപ്റ്റംബറില്‍ നടന്ന ജി20 ഉച്ചകോടിക്കിടെയായിരുന്നു അദ്ദേഹത്തിന്റെ ആദ്യ സന്ദര്‍ശനം.
ഇന്ത്യയും ബ്രിട്ടനും തമ്മിലുള്ള സ്വതന്ത്ര വ്യാപാര കരാര്‍ (എഫ്ടിഎ) വര്‍ഷാവസാനത്തിന് മുമ്പ് ഒപ്പുവെച്ചേക്കുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് സുനകിന്റെ ഇന്ത്യാ സന്ദര്‍ശനം സംബന്ധിച്ച വാര്‍ത്ത പുറത്തുവരുന്നത്. ഈ സമയം അദ്ദേഹം വ്യാപാര കരാര്‍ ഒപ്പിട്ടാല്‍ മുംബൈ സന്ദര്‍ശിക്കുമെന്നാണ് വിവരം. ഇന്ത്യയ്ക്കും ബ്രിട്ടനും ഇടയിലുള്ള ചരക്കുകളുടെയും സേവനങ്ങളുടെയും വ്യാപാരം വര്‍ധിപ്പിക്കുന്നതിനും നേരിട്ടുള്ള വിദേശ നിക്ഷേപം പ്രോത്സാഹിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ളതാണ് സ്വതന്ത്ര വ്യാപാര കരാര്‍.
എഫ്ടിഎ ഒപ്പുവെക്കുകയാണെങ്കില്‍, 2022ല്‍ ഓസ്ട്രേലിയയുമായി ഇടക്കാല വ്യാപാര ഉടമ്പടിയില്‍ ഒപ്പുവെച്ചതിന് ശേഷം ഒരു വികസിത രാജ്യവുമായുള്ള ഇന്ത്യയുടെ ആദ്യ വ്യാപാര കരാറായിരിക്കും ഇത്. ബ്രിട്ടനെ സംബന്ധിച്ചിടത്തോളം, യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്ന് പുറത്തുകടന്നതിന് ശേഷം വ്യത്യസ്ത ആഗോള വ്യാപാര ബന്ധങ്ങള്‍ക്കായുള്ള അന്വേഷണത്തിന്റെ ഭാഗമാണ് ഈ കരാര്‍.
മിക്കവാറും എല്ലാ തര്‍ക്ക വിഷയങ്ങളിലും ചര്‍ച്ചകള്‍ പൂര്‍ത്തിയായതായി ജൂലൈയില്‍ വാണിജ്യ സെക്രട്ടറി സുനില്‍ ബര്‍ത്വാള്‍ അറിയിച്ചിരുന്നു. ബര്‍ത്ത്വാളിന്റെയും വാണിജ്യ വ്യവസായ മന്ത്രി പിയൂഷ് ഗോയലിന്റെയും സന്ദര്‍ശനത്തിനിടെ 11-ാം റൗണ്ട് ചര്‍ച്ചകള്‍ അടുത്തിടെ ലണ്ടനില്‍ പൂര്‍ത്തിയായിരുന്നു.
ബ്രിട്ടന് മുഴുവന്‍ പ്രയോജനം ലഭിക്കുമ്പോള്‍ മാത്രമേ ഇന്ത്യയുമായി ഒരു വ്യാപാര കരാറില്‍ എത്തുകയുള്ളൂവെന്ന് സെപ്തംബറില്‍ ജി 20 ഉച്ചകോടിക്കായി ഇന്ത്യയില്‍ എത്തുന്നതിന് മുമ്പ് ഋഷി സുനക് തന്റെ മന്ത്രിമാരോട് പറഞ്ഞിരുന്നു. ഇന്ത്യയിലെത്തിയ ശേഷം, ഋഷി സുനക്കും പ്രധാനമന്ത്രി നരേന്ദ്ര മോദിയും വ്യാപാര കരാറിലെ ചര്‍ച്ചകളുടെ പുരോഗതി അവലോകനം ചെയ്യുകയും ബാക്കിയുള്ള പ്രശ്‌നങ്ങള്‍ എത്രയും വേഗം പരിഹരിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷ പ്രകടിപ്പിക്കുകയും ചെയ്തിരുന്നു. പിന്നാലെ ഭാര്യ അക്ഷത മൂര്‍ത്തിക്കൊപ്പം അദ്ദേഹം ഡല്‍ഹിയിലെ അക്ഷര്‍ധാം ക്ഷേത്രത്തില്‍ പോയി പ്രാര്‍ഥന നടത്തിയാണ് മടങ്ങിയത്.
ഇന്തോ-പസഫിക് മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്തുന്നതില്‍ രാജ്യം കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിന്റെ ഭാഗമായി ഇന്ത്യയുമായുള്ള സ്വതന്ത്ര വ്യാപാര കരാറിന് (എഫ്ടിഎ) ബ്രിട്ടന്റെ എല്ലാവിധ പിന്തുണയും ഉണ്ടാകുമെന്ന് ഋഷി സുനക് നേരത്തെ വ്യക്തമാക്കിയിരുന്നു. അധികാരമേറ്റതിന് ശേഷമുള്ള തന്റെ ആദ്യ വിദേശ നയ പ്രസംഗത്തിലാണ് സുനക്കിന്റെ പരാമര്‍ശം.
ഇന്തോ-പസഫിക് മേഖലയുമായുള്ള ബന്ധം മെച്ചപ്പെടുത്താന്‍ ബ്രിട്ടണ്‍ പൂര്‍ണ്ണമായും പ്രതിജ്ഞാബദ്ധരാണെന്ന് സുനക് പറഞ്ഞു. ഇതിന്റെ ഭാഗമായി ഇന്ത്യയുമായി ഒരു എഫ്ടിഎ കൊണ്ടുവരാന്‍ ബ്രിട്ടണ്‍ ശ്രമിക്കുകയാണ്. സ്വാതന്ത്ര്യത്തിന്റെയും തുറന്ന മനസ്സിന്റെയും ബ്രിട്ടീഷ് മൂല്യങ്ങളെ ലോകമെമ്പാടും പ്രതിഫലിപ്പിക്കാനുള്ള പ്രതിബദ്ധത തന്റെ പ്രസംഗത്തില്‍ പ്രധാനമന്ത്രി ഊന്നിപ്പറഞ്ഞിരുന്നു.