കൊച്ചി: സംസ്ഥാനത്തു സ്വർണവില റെക്കോർഡുകൾ ഭേദിച്ച് മുന്നേറുന്നു. പവനു 40,000 രൂപയായി. ഇന്നലെ പവന് 280 രൂപയും ഗ്രാമിന് 35 രൂപയും കൂടി. ഒരു ഗ്രാമിനു വില 5000 രൂപ. പണിക്കൂലിയും നികുതിയുമടക്കം ഒരു പവൻ സ്വർണാഭരണത്തിനു 45,000 രൂപയെങ്കിലും വേണ്ടിവരും.
കോവിഡ് മൂലമുള്ള വിപണി മാന്ദ്യം, ഡോളറിന്റെ ഇടിവ്, യുഎസ്–ചൈന സംഘർഷം എന്നിവ കാരണം ആഗോള നിക്ഷേപകർ കൂടുതൽ സുരക്ഷിതമായ സ്വർണത്തിലേക്കു തിരിയുന്നതാണു വില കുതിക്കാൻ കാരണം.
രാജ്യാന്തര വിപണിയിൽ ട്രോയ് ഔൺസിന് (31.1 ഗ്രാം) ഈ മാസം മാത്രം 180 ഡോളർ കൂടി. ഇന്നലെ വില 1970 ഡോളർ. ഇന്ത്യൻ ബുള്യൻ (കട്ടിസ്വർണം) വിപണിയിൽ 10 ഗ്രാമിന്റെ വില 53,200 രൂപ കടന്നു. വെള്ളി വില കൂടി ഗ്രാമിന് 70 രൂപയായി.
ജനുവരി ഒന്നിന് 29,000 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില. 7 മാസം കൊണ്ടു കൂടിയത് 11,000 രൂപ. ജൂലൈ 21 മുതൽ 11 ദിവസം കൊണ്ടു 3240 രൂപ കൂടി.
സ്വർണവില പവന് 20,000 രൂപയായത് 2011 ഓഗസ്റ്റിലാണ്. 30,000 ആയത് 9 വർഷം കഴിഞ്ഞ് ഇക്കൊല്ലം ജനുവരിയിലാണ്. എന്നാൽ അടുത്ത 10,000 രൂപയുടെ വർധനവുണ്ടായത് 7 മാസം കൊണ്ടാണ്.