തിരുവനന്തപുരം; പതിനേഴുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിലെ പ്രതി ഇരട്ടസഹോദരൻമാരിൽ ഒരാളായതോടെ പൊലീസ് കുഴങ്ങി. ഒടുവിൽ തന്ത്രപരമായി ഇരട്ടസഹോദരൻമാരെ രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് പ്രതിയെ പൊലീസ് കണ്ടെത്തിയത്. കണ്ടല കണ്ണംകോട് ഷമീർ മൻസിലിൽ മുഹമ്മദ് ഹസൻ എന്ന ആസിഫ്(19) ആണ് പ്രതി.
പെൺകുട്ടിയുടെ വീട്ടുകാർ നൽകിയ പരാതിയെ തുടർന്ന് പൊലീസ് കേസെടുത്ത് അന്വേഷണം നടത്തിവരുകയായിരുന്നു. കാഴ്ചയിൽ സാമ്യത ഉള്ളതിനാൽ ഇരട്ടസഹോദരൻമാരിൽ ആരാണ് യഥാർഥ പ്രതിയെന്ന് പൊലീസിന് ആദ്യം തിരിച്ചറിയാനായില്ല. ഇതേത്തുടർന്ന് രണ്ടുപേരെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു.
അതിജീവിതയെയും സ്റ്റേഷനിലേക്ക് വിളിപ്പിച്ചു. തന്നെ പീഡിപ്പിച്ചയാളെ പെൺകുട്ടി തിരിച്ചറിയുകയായിരുന്നു. ആദ്യ ഘട്ടത്തിൽ പ്രതിയെ തിരിച്ചറിയാൻ ബുദ്ധിമുട്ടിയതുകൊണ്ടാണ് രണ്ടുപേരെയും കസ്റ്റഡിയിൽ എടുക്കേണ്ട സാഹചര്യമുണ്ടായതെന്ന് മാറനല്ലൂർ പൊലീസ് അറിയിച്ചു.
പ്രതിക്കെതിരെ പോക്സോ വകുപ്പ് ചുമത്തി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. 450, 366, 354 എ(1) (എൻ), 376(2)(എൻ) എന്നീ വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.