വനിതാ സംവരണ ബിൽ; സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ്

0
58

ലോക്‌സഭയിൽ അവതരിപ്പിക്കാനിരിക്കുന്ന വനിതാ സംവരണ ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അനുമതി നൽകിയെന്ന റിപ്പോർട്ടിനെ സ്വാഗതം ചെയ്‌ത്‌ കോൺഗ്രസ്. എന്നാൽ നിർദ്ദിഷ്ട ബില്ലിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയാണെന്നും പാർട്ടി അറിയിച്ചു.

“വനിതാ സംവരണം നടപ്പിലാക്കണമെന്നത് കോൺഗ്രസ് പാർട്ടിയുടെ ദീർഘകാലമായുള്ള ആവശ്യമാണ്. കേന്ദ്ര മന്ത്രിസഭയുടെ തീരുമാനത്തെ ഞങ്ങൾ സ്വാഗതം ചെയ്യുകയും ബില്ലിന്റെ വിശദാംശങ്ങൾക്കായി കാത്തിരിക്കുകയും ചെയ്യുന്നു.” മുതിർന്ന കോൺഗ്രസ് നേതാവ് ജയറാം രമേശ് എക്‌സ് പോസ്‌റ്റിലൂടെ വ്യക്തമാക്കി.

പാർലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് മുമ്പുള്ള സർവകക്ഷി യോഗത്തിൽ വിഷയം വളരെ നല്ല രീതിയിൽ ചർച്ച ചെയ്യാമായിരുന്നുവെന്നും, രഹസ്യത്തിന്റെ മറവിൽ പ്രവർത്തിക്കുന്നതിന് പകരം സമവായം ഉണ്ടാക്കാമായിരുന്നുവെന്നും കോൺഗ്രസ് നേതാവ് പറഞ്ഞു. വിഷയത്തിലെ കോൺഗ്രസ് നിലപാട് വ്യക്തമാക്കുന്ന വിശദമായ പോസ്‌റ്റും അദ്ദേഹം പങ്കുവച്ചിരുന്നു.

“വനിതാ സംവരണം അംഗീകരിച്ചുവെന്ന് എല്ലാ ടിവി ചാനലുകളും പറയുന്നു, എന്നിരുന്നാലും, ഇക്കാര്യം ഇതുവരെ ക്യാബിനറ്റ് ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ല.” ബില്ലിന്റെ അംഗീകാരവുമായി ബന്ധപ്പെട്ട് പുറത്തുവരുന്ന വാർത്തകൾ ചൂണ്ടിക്കാട്ടി ഭാരത് രാഷ്ട്ര സമിതി (ബിആർഎസ്) നേതാവ് കെ കവിത പറഞ്ഞു.

ലോക്‌സഭയിലും നിയമസഭകളിലും സ്ത്രീകൾക്ക് 33 ശതമാനം സംവരണം ഉറപ്പാക്കുന്നതാണ് ബിൽ. രാഷ്ട്രീയ ഭേദമന്യേ നിരവധി നേതാക്കൾ ഈ സുപ്രധാന ബിൽ അവതരിപ്പിക്കണമെന്ന് ആവശ്യപ്പെട്ടിരുന്നു. അതേസമയം, മന്ത്രിസഭാ യോഗത്തിന് ശേഷം സർക്കാർ പതിവ് പത്രസമ്മേളനം ഒഴിവാക്കിയതിനാൽ ബില്ലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം വൈകുകയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here