പൂർണമായി വേവിക്കാത്ത മീൻ കഴിച്ച 40കാരിയുടെ കൈകാലുകള്‍ അണുബാധയേത്തുടര്‍ന്ന് മുറിച്ചു മാറ്റി.

0
57

പോഷകാംശമുള്ള ഭക്ഷണമായി കണക്കാക്കുന്ന ഒന്നാണ് മീൻ. ഒമേഗ ത്രീ ഫാറ്റി ആസിഡിന്റെ കലവറയാണ് മത്സ്യങ്ങള്‍. ഇവ കഴിക്കുന്നത് ശരീരത്തില്‍ വിറ്റാമിന്‍ ഡിയുടെ ഉത്പ്പാദനം ത്വരിതപ്പെടുത്തും. എന്നാല്‍ മീന്‍ കഴിച്ച് അണുബാധയുണ്ടായതായി കേട്ടിട്ടുണ്ടോ? പൂര്‍ണമായി വേവിക്കാത്ത മത്സ്യം കഴിച്ചതിനെത്തുടര്‍ന്ന് അണുബാധയേറ്റ കാലിഫോണിയ സ്വദേശിനിയുടെ കൈകാലുകള്‍ മുറിച്ച് മാറ്റിയെന്ന വാര്‍ത്തയാണ് മത്സ്യപ്രേമികളെ ഇപ്പോള്‍ ഞെട്ടിച്ചിരിക്കുന്നത്. കാലിഫോണിയ സ്വദേശിയായ ലോറ ബരാജസ് എന്ന 40 കാരിയ്ക്കാണ് ഈ ദുരനുഭവമുണ്ടായത്.

സാന്‍ജോസിലെ ഒരു പ്രാദേശിക മാര്‍ക്കറ്റില്‍ നിന്ന് വാങ്ങിയ മീനില്‍ നിന്നാണ് ലോറയ്ക്ക് അണുബാധയേറ്റത്. പൂര്‍ണമായി വേവിക്കാതെയാണ് ലോറ മത്സ്യം കഴിച്ചത്. ഇത് കഴിച്ചതിലൂടെ വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയ ലോറയുടെ ശരീരത്തില്‍ പ്രവേശിച്ചു. ഒരു മാസത്തോളമാണ് രോഗത്തോട് മല്ലിട്ട് ലോറ ആശുപത്രിയില്‍ കഴിഞ്ഞത്. അണുബാധ നിയന്ത്രിക്കാനാകാതായതോടെ ഇക്കഴിഞ്ഞ ആഴ്ചയാണ് ലോറയുടെ കൈകാലുകള്‍ മുറിച്ച് മാറ്റിയത്. രാത്രിയാണ് ലോറ മത്സ്യം കഴിച്ചത്. ശേഷം കിടന്നുറങ്ങുകയും ചെയ്തു. അര്‍ധരാത്രിയോടെ ലോറയ്ക്ക് ശ്വാസം മുട്ടല്‍ അനുഭവപ്പെട്ടു.

അപ്പോള്‍ തന്നെ ലോറയെ ആശുപത്രിയിലേക്ക് എത്തിക്കുകയായിരുന്നുവെന്നാണ് ലോറയുടെ സുഹൃത്തായ അന്ന മെസ്സീന പറഞ്ഞു. അവളുടെ ചുണ്ടും, കാല്‍പാദവും, വിരലുകളുമെല്ലാം കറുത്തനിറത്തിലായി. ലോറയ്ക്ക് സെപ്‌സിസ് ഉണ്ടായെന്നും അവളുടെ രണ്ട് വൃക്കകളും തകരാറിലായെന്നും മെസ്സീന പറഞ്ഞു. വിബ്രിയോ വള്‍നിഫിക്കസ് ബാക്ടീരിയയാണ് രോഗകാരി എന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. അണുബാധ ലോറയുടെ കൈകാലുകളിലേക്ക് വ്യാപിച്ചിരുന്നു. ശരീരത്തിന്റെ മറ്റ് ഭാഗങ്ങളിലേക്ക് അവ പടരുന്നതിന് മുമ്പ് കൈകാലുകള്‍ മുറിച്ച് മാറ്റണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ഓരോ വര്‍ഷവും അണുബാധയുമായി ബന്ധപ്പെട്ട 150 മുതല്‍ 200വരെയുള്ള കേസുകളാണ് സെന്റേഴ്‌സ് ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗം ബാധിക്കുന്ന അഞ്ചിലൊരാള്‍ മരണപ്പെടുന്നുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. രോഗപ്രതിരോധ ശേഷി കുറഞ്ഞവരില്‍ രോഗം അതിവേഗം മൂര്‍ച്ഛിക്കുമെന്നും ഡോക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കി. ഈ ബാക്ടീരിയകള്‍ അധിവസിക്കുന്ന മലിനമായ ഭക്ഷണം കഴിക്കുന്നതിലൂടെയും മലിനമായ വെള്ളം മുറിവിലൂടെ ശരീരത്തിലേക്ക് എത്തുന്നതിലൂടെയുമാണ് രോഗം ബാധിക്കുന്നതെന്ന് ഡോക്ടര്‍ നടാഷ സ്‌പോട്ടിവുഡ് പറഞ്ഞു.

 

LEAVE A REPLY

Please enter your comment!
Please enter your name here