ആത്മകഥാ വിവാദത്തിൽ ഡി സി ബുക്സിനെതിരെ ആഞ്ഞടിച്ച് സിപിഎം നേതാവ് ഇപി ജയരാജൻ. സാധാരണ പ്രസാധകൻമാർ പാലിക്കേണ്ട ഒരുപാട് നടപടിക്രമങ്ങളുണ്ട്. ഇതിലൊരു നടപടിയും ഡിസി ബുക്സ് സ്വീകരിച്ചിട്ടില്ല. പുസ്തകത്തിൻ്റെ പ്രകാശനം ഡിസിയുടെ ഫേസ്ബുക്കിൽ വന്നത് ഞാനറിയാതെയാണ്. ഇതിൽ ഗൂഢാലോചനയുണ്ടെന്നും ഇപി ജയരാജൻ പറഞ്ഞു.
താനൊരു കരാറും ആരേയും ഏൽപ്പിച്ചിട്ടില്ലെന്നും ഒരു കോപ്പിയും ആർക്കും നൽകിയിട്ടില്ലെന്നും ഇപി ജയരാജൻ പറഞ്ഞു. ഇത് ബോധപൂർവ്വമായ നടപടിയാണ്. പിടിഎഫ് ഫോർമാറ്റിലാണ് വാട്സ്അപ്പിലുൾപ്പെടെ അവർ നൽകിയത്. സാധാരണ രീതിയിൽ പ്രസാധകർ ചെയ്യാൻ പാടില്ലാത്തതാണ് അത്. തികച്ചും ആസൂത്രിതമാണിത്. തെരഞ്ഞെടുപ്പ് ദിവസങ്ങളിൽ രാവിലെ തന്നെയാണ് വാർത്തകൾ പ്രസിദ്ധീകരിച്ചതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
ആദ്യമായി വാർത്ത വരുന്നത് ടൈംസ് ഓഫ് ഇന്ത്യയിലാണ്. ടൈംസ് ഓഫ് ഇന്ത്യയിൽ സാധാരണ ഗതിയിൽ ഇത്തരമൊരു വാർത്ത ലളിതമായി വരുമോ. അതിൽ ആസൂത്രണമുണ്ട്. ഇവർ എന്ത് അടിസ്ഥാനത്തിലാണ് വാർത്ത നൽകിയത്. ഒരു അടിസ്ഥാനവുമില്ലാത്ത വാർത്ത പ്രചരിപ്പിച്ചുവെന്നും ഇപി ജയരാജൻ ആരോപിച്ചു.
അതേസമയം, ഇപി ജയരാജന്റെ ആത്മകഥാ വിവാദത്തിൽ സർക്കാർ തുടരന്വേഷണം പ്രഖ്യാപിച്ചേക്കും. കോട്ടയം ജില്ലാ പൊലീസ് മേധാവി ഡിജിപിയ്ക്ക് സമർപ്പിച്ച റിപ്പോർട്ടിൻ്റെ അടിസ്ഥാനത്തിലാകും നടപടി. പുസ്തകം പ്രസിദ്ധീകരിക്കാൻ ഡിസിയും ഇപിയും തമ്മിൽ കരാറില്ലെന്നാണ് പ്രാഥമിക അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.
കഴിഞ്ഞ ദിവസം പബ്ലിക്കേഷന്‍സ് വിഭാഗം മാനേജർ എ.വി ശ്രീകുമാറിനെ ഡി.സി.ബുക്സ് സസ്‌പെന്‍ഡ് ചെയ്തിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതുമായി ബന്ധപ്പെട്ട കരാര്‍ നടപടികളില്‍ വീഴ്ചയുണ്ടായെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തിരിക്കുന്നത്.
അന്വേഷണത്തിൻ്റെ ഭാഗമായി ഡി സി ബുക്സ് ഉടമ രവി ഡി സിയുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. പുസ്തകം പ്രസിദ്ധീകരിക്കുന്നതില്‍ ഇ.പി ജയരാജനുമായി കരാറുണ്ടാക്കിയിട്ടില്ലെന്ന് രവി പോലീസിന് മൊഴി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. നടപടിക്രമങ്ങള്‍ പാലിച്ചുകൊണ്ടേ ഡി.സി പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കാറുള്ളൂവെന്ന് ഡി.സി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജില്‍ വിശദീകരണവും നല്‍കിയിരുന്നു.
കോട്ടയം ഡിവൈ.എസ്.പി. കെ.ജി. അനീഷാണ് രവിയുടെ മൊഴിയെടുത്തത്. മൊഴിയുടെ അടിസ്ഥാനത്തില്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് ഡി.ജി.പിക്ക് കൈമാറും. രണ്ട് മണിക്കൂറോളം മൊഴിയെടുക്കൽ നീണ്ടുനിന്നു. ഉച്ചക്ക് 12.30-നാണ് രവി എത്തിയത്. ഇ.പി. ജയരാജനുമായി ഡി.സി. ബുക്‌സിനു കരാര്‍ ഇല്ലെന്ന് ജീവനക്കാര്‍ നേരത്തെ മൊഴി നല്‍കിയിരുന്നു.
നേരത്തെ നവംബർ 21ന് ഇ പി ജയരാജന്‍റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു. കണ്ണൂര്‍ കീച്ചേരിയിലെ ജയരാജന്‍റെ വീട്ടില്‍ വെച്ചാണ് മൊഴി രേഖപ്പെടുത്തിയത്.