ബംഗാളിൽ സ്റ്റീൽ ഫാക്ടറി ആരംഭിക്കുമെന്ന് സൗരവ് ഗാംഗുലി.

0
65

വ്യവസായ മേഖലയിൽ ഒരു കൈ നോക്കാൻ ഒരുങ്ങി ഇന്ത്യൻ ക്രിക്കറ്റ് മുൻ ക്യാപ്റ്റൻ സൗരവ് ഗാംഗുലി. പശ്ചിമ ബംഗാളിലെ മേദിനിപൂരിലുള്ള സാൽബോനിയിൽ സ്റ്റീൽ ഫാക്ടറി സ്ഥാപിക്കുമെന്ന് ഗാംഗുലി അറിയിച്ചു. പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജിയുടെ 12 ദിവസത്തെ സ്പെയിൻ, ദുബായ് സന്ദർശന ടീമിൽ ​ഗാം​ഗുലിയും ഉണ്ടായിരുന്നു. അഞ്ചോ ആറോ മാസത്തിനുള്ളിൽ ഫാക്ടറിയുടെ നിർമാണ പ്രവ‍ൃത്തികൾ പൂർത്തിയാകുമെന്നും ​ഗാം​ഗുലി അറിയിച്ചു.

”ബംഗാളിലെ മൂന്നാമത്തെ സ്റ്റീൽ പ്ലാന്റ് നിർമിക്കാൻ സാധിക്കുന്നതിൽ സന്തോഷമുണ്ട്. ഇതിന് മുഖ്യമന്ത്രിയോട് നന്ദി പറയാൻ ഞാൻ ഈ അവസരം ഉപയോഗിക്കുന്നു. എനിക്ക് കായിക രം​ഗത്തു മാത്രമാണ് താത്പര്യം എന്നാണ് പലരും കരുതിയത്. പക്ഷേ ഞങ്ങൾ 2007-ൽ ഒരു ചെറിയ സ്റ്റീൽ പ്ലാന്റ് തുടങ്ങിയിരുന്നു. അഞ്ചോ ആറോ മാസത്തിനുള്ളിൽ മേദിനിപൂരിൽ ഞങ്ങളുടെ പുതിയ സ്റ്റീൽ പ്ലാന്റ് നിർമിക്കും”, ഗാംഗുലി പറഞ്ഞു. വ്യാഴാഴ്ച മാഡ്രിഡിൽ നടന്ന ‘ബംഗാൾ ഗ്ലോബൽ ബിസിനസ് സമ്മിറ്റിനെ (ബിജിബിഎസ്)’ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു ഗാംഗുലി.

55 വർഷങ്ങൾക്ക് മുമ്പ് തന്റെ മുത്തച്ഛൻ ആരംഭിച്ച കുടുംബ ബിസിനസിനെക്കുറിച്ചും മുൻ ബിസിസിഐ പ്രസിഡന്റ് കൂടിയായ ​ഗാം​ഗുലി സംസാരിച്ചു. അന്നും സംസ്ഥാന സർക്കാർ ഈ ഉദ്യമത്തെ പിന്തുണച്ചിരുന്നു എന്നും ​ഗാം​ഗുലി സൂചിപ്പിച്ചു. ”ഈ സംസ്ഥാനം പലപ്പോഴും ലോകത്തെ മറ്റ് രാജ്യങ്ങളെയും ബിസിനസ് ചെയ്യാനായി സ്വാ​ഗതം ചെയ്തിട്ടുണ്ട്. സംസ്ഥാനത്തിന്റെയും ഇവിടുത്തെ യുവാക്കളുടെയും ക്ഷേമത്തിനായി പ്രവർത്തിക്കാൻ ഈ സർക്കാർ ആഗ്രഹിക്കുന്നു എന്നത് വളരെ വ്യക്തമാണ്”, അദ്ദേഹം കൂട്ടിച്ചേർത്തു.

 

LEAVE A REPLY

Please enter your comment!
Please enter your name here