സംസ്ഥാനത്ത് സോളാര്‍ വിവാദം കത്തുന്നതിനിടെ ആത്മകഥയുമായി കേസിലെ മുഖ്യപ്രതി സരിത എസ് നായര്‍. ‘പ്രതി നായിക’ എന്ന പേരിലുള്ള ആത്മകഥയുടെ കവര്‍ സരിത നായര്‍ എന്ന ഫേസ്ബുക്ക് പേജിലൂടെയാണ് പങ്കുവെച്ചിരിക്കുന്നത്. ‘ഞാന്‍ പറഞ്ഞതെന്ന പേരില്‍ നിങ്ങള്‍ അറിഞ്ഞവയുടെ പൊരുളും പറയാന്‍ വിട്ടു പോയവയും’ എന്ന കുറിപ്പും കവര്‍പേജിനൊപ്പമുണ്ട്.
കൊല്ലം ആസ്ഥാനമായ റെസ്‌പോന്‍സ് ബുക്ക് ആണ് പുസ്തകം തയാറാക്കുന്നത്. പ്രശസ്ത ഡിസൈനര്‍ രാജേഷ് ചാലോട് ആണ് കവര്‍ രൂപകല്‍പന ചെയ്തിരിക്കുന്നത്. എല്ലാവരുടെയും സഹായ സഹകരണങ്ങള്‍ പ്രതീക്ഷിക്കുന്നുവെന്നും സരിത കുറിച്ചിട്ടുണ്ട്. ഒരിടവേളയ്ക്ക് ശേഷം സോളാര്‍ വിവാദം വീണ്ടും ചൂടുപിടിച്ചിരിക്കുന്ന പശ്ചാത്തലത്തിലാണ് കേസിലെ പ്രതിസ്ഥാനത്തുളള സരിത എസ് നായര്‍ ആത്മകഥയുമായി രംഗത്ത് എത്തുന്നത്. പ്രതി നായിക എന്നോ പ്രതിനായിക എന്നോ വായിക്കാവുന്ന രീതിയിലാണ് പുസ്തകത്തിന്റെ കവര്‍ പേജ് തയ്യാറാക്കിയിരിക്കുന്നത്.