ലണ്ടൻ: ക്ലാസ് മുറികളിലടക്കം വിദ്യാർഥികളുടെ പെരുമാറ്റവും ശ്രദ്ധയും മെച്ചപ്പെടുത്തുന്നതിനായി എല്ലാ സ്കൂളുകളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നത് നിരോധിക്കാൻ യുകെ. ക്ലാസ് മുറിയിലെ പെരുമാറ്റം മെച്ചപ്പെടുത്താനും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനുമാണ് പുതിയ ആലോചനയുമായി അധികൃതരുള്ളതെന്ന് ഇൻഡിപെൻഡൻ്റ് റിപ്പോർട്ട് ചെയ്തു.സ്കൂളുകൾ കുട്ടികൾക്ക് പഠിക്കാനുള്ള സ്ഥലമാണെന്ന് പ്രസ്താവനയിലൂടെ വിദ്യാഭ്യാസ സെക്രട്ടറി പറഞ്ഞു.
മൊബൈൽ ഫോൺ ഉപയോഗം ക്ലാസ് മുറിയിൽ വിദ്യാർഥികളിൽ അശ്രദ്ധയുണ്ടാക്കുന്നുണ്ട്. തീരുമാനം മികച്ച രീതിയിൽ പഠിപ്പിക്കാൻ അധ്യാപകർക്ക് സഹായകരമാകും. ഏറ്റവും മികച്ച രീതിയിൽ പ്രവർത്തിക്കാൻ അവർക്ക് അവസരമുണ്ടാക്കുകയാണെന്നും വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി. ഇംഗ്ലണ്ടിലുടനീളമുള്ള എല്ലാ ക്ലാസ് മുറികളും ഒരേ നിയമങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനുള്ള മാർഗനിർദേശം വിദ്യാഭ്യാസ വകുപ്പ് പ്രസിദ്ധീകരിച്ചു.
സ്കൂൾ സമയം മുഴുവൻ വിദ്യാർഥികൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നാണ് മാർഗനിർദേശത്തിൽ പ്രധാനമായി വ്യക്തമാക്കുന്നത്. പാഠനസമയത്ത് മാത്രമല്ല, ഇടവേളകളിലും ഉച്ചഭക്ഷണ സമയങ്ങളിലും മൊബൈൽ ഫോൺ ഉപയോഗിക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും നിർദേശത്തിൽ പറയുന്നുണ്ട്.
മൊബൈൽ ഫോണിന് സ്കൂളിൽ സമ്പൂർണ നിരോധനം ഏർപ്പെടുത്തുക അല്ലെങ്കിൽ സ്‌കൂൾ സ്റ്റാഫിനെ ഏൽപ്പിക്കുകയെന്ന നിർദേശവുമുണ്ട്.
ഫോണുകൾ സുരക്ഷിതമായ സ്കൂളിൽ സൂക്ഷിക്കാനാകുന്ന സൗകര്യമൊരുക്കുകയെന്ന നിർദേശവുമുണ്ട്.നിർദേശങ്ങൾ ലംഘിച്ച് മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്ന കുട്ടികളെ തടങ്കലിൽ വെക്കാനും അവരുടെ ഫോണുകൾ കണ്ടുകെട്ടാനും നിർദേശത്തിൽ പറയുന്നുണ്ട്.പുതിയ തീരുമാനം കുട്ടികളുടെ മാനസികാരോഗ്യത്തെ മെച്ചപ്പെടുത്തുമെന്നും പഠനത്തിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കാനും സഹായിക്കുമെന്നാണ് കണ്ടെത്തൽ.
അധ്യാപകർക്ക് സഹായകരമാകുന്നതാണ് പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി ഗില്ലിയൻ കീഗൻ പറഞ്ഞു. പല സ്കൂളുകളിലും മൊബൈൽ ഫോൺ ഉപയോഗത്തിൽ പല നിർദേശങ്ങളുണ്ട്. കുട്ടികൾക്ക് പഠിക്കാനുള്ള ഇടമാണ് സ്കൂളുകൾ, മൊബൈൽ ഫോണുകൾ ക്ലാസ് മുറിയിൽ അനാവശ്യമായ അശ്രദ്ധയാണ് കുട്ടികളിൽ ഉണ്ടാക്കുന്നത്. അധ്യാപകർക്ക് സഹായകരമാകും പുതിയ തീരുമാനമെന്ന് വിദ്യാഭ്യാസ സെക്രട്ടറി വ്യക്തമാക്കി.