നിപ വൈറസ് ബാധയുടെ പശ്ചാത്തലത്തില്‍ ജാഗ്രതാ മുന്‍കരുതലുകളുടെ ഭാഗമായി കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് രണ്ട് ദിവസം അവധി. പ്രൊഫഷണല്‍ കോളേജുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും (അങ്കണവാടി,മദ്രസകള്‍ ഉള്‍പ്പെടെ) ഇന്നും നാളെയും(15-09-2023) അവധി പ്രഖ്യാപിച്ചിട്ടുണ്ട്. എന്നാല്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ഓണ്‍ലൈന്‍ ക്ലാസുകള്‍ ഒരുക്കാം. യൂണിവേഴ്‌സിറ്റി പരീക്ഷകളില്‍ മാറ്റമില്ലെന്നും ജില്ലാ കലക്ടര്‍ എ ഗീത അറിയിച്ചു.
അതേസമയം വടകര താലൂക്കിലെ 9 പഞ്ചായത്തുകളിലെ വിവിധ വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണുകളാക്കി. രോഗ വ്യാപനം തടയുന്നതിനായി ജില്ലയില്‍ അടുത്ത പത്ത് ദിവസത്തേക്ക് നടത്താന്‍ നിശ്ചയിച്ചിരിക്കുന്ന എല്ലാ പൊതു പരിപാടികളും താല്ക്കാലികമായി നിര്‍ത്തിവയ്ക്കാന്‍ കലക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്. പള്ളിപ്പെരുന്നാള്‍, ഉത്സവങ്ങള്‍ ഉള്‍പ്പെടെയുള്ള പരിപാടികള്‍ ജനക്കൂട്ടം ഒഴിവാക്കി ചടങ്ങ് മാത്രമായി നടത്താനാണ് നിര്‍ദ്ദേശം. എന്നാല്‍ വിവാഹം, റിസപ്ഷന്‍ തുടങ്ങി മുന്‍കൂട്ടി നിശ്ചയിച്ച പരിപാടികള്‍ പൊതുജന പങ്കാളിത്തം കുറച്ച് നടത്താം. എന്നാല്‍ ബന്ധപ്പെട്ട പൊലീസ് സ്റ്റേഷനുകളില്‍ അറിയിച്ച് മുന്‍കൂര്‍ അനുമതി വാങ്ങേണ്ടതുണ്ട്. നാടകം പോലുള്ള കലാ സാംസ്കാരിക പരിപാടികള്‍, കായിക മത്സരങ്ങള്‍ എന്നിവ മാറ്റിവെയ്ക്കണമെന്നും കലക്ടര്‍ ഉത്തരവിട്ടു.
ഇന്നലെ ജില്ലയിൽ ഒരാള്‍ക്ക് കൂടി നിപ വൈറസ് സ്ഥരീകരിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചിരുന്നു. സ്വകാര്യ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകനായ 24കാരനാണ് രോഗം സ്ഥിരീകരിച്ചത്. നേരത്തെ രണ്ട് ആരോഗ്യ പ്രവര്‍ത്തകര്‍ രോഗലക്ഷണം പ്രകടിപ്പിച്ചതോടെ ഇവരുടെ സാമ്പിളുകള്‍ പൂനെയിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നു. നിലവിൽ സംസ്ഥാനത്ത് നിപ ബാധിച്ച് ചികിത്സയിലുള്ളവരുടെ എണ്ണം മൂന്നായി.
രോഗബാധിതരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ആകെ 706 പേരാണുള്ളത്. 11 സാമ്പിളുകള്‍ പരിശോധനക്ക് അയച്ചിട്ടുണ്ടെന്നും കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ 13 പേര്‍ നിരീക്ഷണത്തിലാണെന്നും ആരോഗ്യമന്ത്രി അറിയിച്ചു. 3 പേര്‍ വീടുകളില്‍ ഐസോലേഷനില്‍ കഴിയുന്നുണ്ട്. ഒമ്പത് വയസ്സുള്ള കുട്ടിക്കായി മോണോക്ലോണല്‍ ആന്റിബോഡി ഉടനെത്തും. ഹൈ റിസ്‌ക് കോണ്ടാക്ടുകള്‍ വീടുകളില്‍ നിരീക്ഷണത്തിലാണ്. ഇവര്‍ക്ക് ദിശയുടെ സേവനവും ഉപയോഗിക്കാമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
കൂടാതെ ജില്ലയിലെ കണ്ടെയ്മെന്റ്‌റ് സോണുകളില്‍ സന്നദ്ധ പ്രവര്‍ത്തകരുടെ ടീം സജ്ജമാക്കും. വോളന്റീയര്‍മാര്‍ക്ക് ബാഡ്ജുകള്‍ നല്‍കും. ഐസൊലേഷനില്‍ കഴിയുന്നവര്‍ക്ക് വോളന്റീയര്‍മാരുടെ സേവനം തേടാം. പഞ്ചായത്ത് ആണ് വോളന്റീയര്‍മാരെ തീരുമാനിക്കേണ്ടത്. ബാഡ്ജ് ഉള്ള വോളന്റീയര്‍മാര്‍ക്കാണ് അനുമതി നല്‍കുക. ലക്ഷണങ്ങള്‍ ഉള്ളവര്‍ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് പോയാല്‍ മതി. സംസ്ഥാനതലത്തിലും കണ്‍ട്രോള്‍ റൂം സജ്ജമാക്കിയിട്ടുണ്ട്. സാമ്പിളുകള്‍ തോന്നയ്ക്കലും കോഴിക്കോടും പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി
ഇതിനിടെ മരുതോങ്കരയില്‍ നിപ ബാധിച്ചു മരിച്ച 47കാരന്റെ റൂട്ട് മാപ്പ് തയ്യാറായി. ഓഗസ്റ്റ് 22 ന് ഇയാള്‍ക്ക് രോഗലക്ഷണമുണ്ടായി. 23 വൈകീട്ട് 7 മണിക്ക് തിരുവള്ളൂരില്‍ ഒരു കുടുംബ ചടങ്ങില്‍ പങ്കെടുത്തു. 25ന് രാവിലെ 11 മണിക്ക് ഇയാള്‍ മുള്ളംകുന്ന് ഗ്രാമീണ ബാങ്ക് സന്ദര്‍ശിച്ചു. ഇതേ ദിവസം 12:30 കള്ളാട് ജുമാ മസ്ജിദ് സന്ദര്‍ശിച്ചതായും റൂട്ട് മാപ്പിലുണ്ട്.