ഭൂപട വിവാദത്തിൽ ചൈനയെ പരിഹസിച്ച് മുൻ കരസേനാ മേധാവി ജനറൽ മനോജ് നരവാനെ രംഗത്ത്. എക്‌സിൽ ഒരു ചൈനീസ് ഭൂപടം പങ്കിട്ടുകൊണ്ടാണ് അദ്ദേഹം വിമർശനം ശക്തമാക്കിയത്. “ഒടുവിൽ ഏതോ ഒരാൾക്ക് ചൈനയുടെ ഒരു യഥാർത്ഥ ഭൂപടം ലഭിച്ചു”. ലഡാക്കും ടിബറ്റും ഉൾപ്പെടെ നിരവധി പ്രദേശങ്ങളെ ചൈനീസ് ‘അധിനിവേശ’ മേഖലകളായാണ് ഭൂപടത്തിൽ അടയാളപ്പെടുത്തിയിരിക്കുന്നത്.
ഓഗസ്‌റ്റ് 28ന്, തായ്‌വാൻ, ദക്ഷിണ ചൈനാ കടൽ, അരുണാചൽ പ്രദേശ്, അക്‌സായ് ചിൻ എന്നിവ ചൈനീസ് പ്രദേശങ്ങളായി ഉൾപ്പെടുത്തി പുതിയ ഭൂപടം ചൈന പുറത്തിറക്കിയിരുന്നു. അരുണാചല്‍ പ്രദേശ്, അക്‌സായി ചിൻ മേഖലകൾ ഉള്‍പ്പെടുത്തി പുതിയ ഭൂപടം പ്രസിദ്ധീകരിച്ച ചൈനീസ് നടപടിയില്‍ ഇന്ത്യ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തിയിരുന്നു. ഇത്തരം നടപടികൾ അതിർത്തി തർക്കങ്ങളുടെ പരിഹാരത്തെ കൂടുതൽ സങ്കീർണ്ണമാക്കുകയേ ഉള്ളൂവെന്നും ന്യൂഡൽഹി വാദിച്ചിരുന്നു.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, ജപ്പാൻ, മലേഷ്യ, വിയറ്റ്നാം, ഫിലിപ്പീൻസ് തുടങ്ങിയ നിരവധി ആസിയാൻ അംഗരാജ്യങ്ങളും ചൈനയുടെ പ്രദേശിക അവകാശവാദത്തോടും അവർ പുറത്തിറക്കിയ ഭൂപടത്തോടും ശക്തമായ എതിർപ്പ് അറിയിച്ചിരുന്നു.
ആസിയാൻ രാജ്യങ്ങൾ ദക്ഷിണ ചൈനാ കടലിൽ ഒരു പെരുമാറ്റച്ചട്ടം (COC) വേണമെന്ന് ആവശ്യപ്പെടാനുള്ള മുഖ്യ കാരണം ഈ മേഖലയ്ക്ക് മേൽ തങ്ങളുടെ വിപുലമായ അവകാശവാദങ്ങൾ ഉന്നയിക്കുന്നതിനുള്ള ചൈനയുടെ നിരന്തരമായ ശ്രമങ്ങൾ കണക്കിലെടുത്താണ്.