മണൽ മാഫിയ: തമിഴ്‌നാട്ടിൽ 40 ഇടങ്ങളിൽ ഇഡി റെയ്ഡ്.

0
58

തമിഴ്‌നാട്ടില്‍ 40 ഇടങ്ങളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് റെയ്ഡ്. മണല്‍ മാഫിയയുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലാണ് റെയ്ഡ് പുരോഗമിക്കുന്നത്. കള്ളപ്പണ നിരോധന നിയമം 2002 പ്രകാരമാണ് റെയ്ഡ് നടത്തുന്നതെന്ന് ഇഡി വൃത്തങ്ങള്‍ അറിയിച്ചു.

തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട കേസുകളുടെ പശ്ചാത്തലത്തിലല്ല റെയ്ഡ് നടത്തുന്നത് എന്ന് ഇഡിയുമായി അടുത്ത വൃത്തങ്ങള്‍ പറഞ്ഞു.

മണൽ ഖനന ലൈസൻസ് കൈവശമുള്ള വ്യവസായികളായ എസ് രാമചന്ദ്രനും ദിണ്ടിഗൽ രത്തിനവും അന്വേഷണ ഏജൻസിയുടെ റഡാറിൽ ഉണ്ടെന്ന് എൻഡിടിവി റിപ്പോർട്ട് വ്യക്തമാക്കുന്നു. എന്നാൽ സെന്തിൽ ബാലാജിയുടെ പേരും ഉയർന്നുവന്നതായി വാർത്താ ഏജൻസിയായ ഐഎഎൻഎസ് റിപ്പോർട്ട് ചെയ്തിരുന്നു. കോയമ്പത്തൂർ, കരൂർ, തിരുച്ചി എന്നിവിടങ്ങളിലെ മന്ത്രിയുമായി അടുപ്പമുള്ളവരുടെ വസതികളിലും ഓഫീസുകളിലും റെയ്ഡ് നടന്നതായി ഐഎഎൻഎസ് റിപ്പോർട്ടിൽ പറയുന്നു.

അതേസമയം, മണൽ ഖനന വ്യവസായി ശേഖർ റെഡ്ഡിയുടെ പങ്കാളിയാണ് എസ് രാമചന്ദ്രൻ. 2016ൽ സിബിഐ പുതുക്കോട്ടയിലെ ഇദ്ദേഹത്തിന്റെ സ്ഥാപനങ്ങളിലും പരിശോധന നടത്തിയിരുന്നു.രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും ഉൾപ്പെടെ തമിഴ്‌നാട്ടിലെ സ്വാധീനമുള്ള വ്യക്തികളുമായി രാമചന്ദ്രനു ബന്ധമുണ്ടെന്ന് ന്യൂ ഇന്ത്യൻ എക്‌സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. ചൊവ്വാഴ്ചത്തെ ഇഡി റെയ്ഡിൽ ഉൾപ്പെട്ടതായി എൻഡിടിവി റിപ്പോർട്ട് ചെയ്ത ദുരൈ മുരുകൻ ഭരണകക്ഷിയായ ഡിഎംകെയുടെ ജനറൽ സെക്രട്ടറിയാണ്.

തമിഴ്നാട് വൈദ്യുതി, എക്സൈസ് മന്ത്രി വി. സെന്തില്‍ ബാലാജിയെ ഇക്കഴിഞ്ഞ ജൂണ്‍ 14ന് ഇഡി അറസ്റ്റ് ചെയ്തിരുന്നു. 2013ല്‍ ജയലളിത സര്‍ക്കാരില്‍ ഗതാഗത മന്ത്രിയായിരിക്കെ ജോലി വാഗ്ദാനം ചെയ്ത് കോഴ വാങ്ങി എന്ന കേസിലാണ് അറസ്റ്റ്. അറസ്റ്റിന് തൊട്ടുപിന്നാലെ നെഞ്ചുവേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു.

ജെ. ജയലളിത മുഖ്യമന്ത്രിയായിരുന്ന 2011-2015 കാലത്താണ് സെന്തില്‍ ബാലാജിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുടെ തുടക്കം. അന്ന് മന്ത്രിസഭയിലെ ഗതാഗത വകുപ്പ് മന്ത്രിയായിരുന്നു ഇദ്ദേഹം.

ജോലി വാഗ്ദാനം ചെയ്ത് ഉദ്യോഗാര്‍ത്ഥികളില്‍ നിന്ന് കോടികള്‍ തട്ടിയെന്നാണ് ഇദ്ദേഹത്തിനെതിരെ ഉയര്‍ന്ന ആരോപണം. ഡ്രൈവര്‍, മെക്കാനിക്ക് പോസ്റ്റുകളിലെ നിയമനത്തില്‍ ക്രമക്കേട് നടത്തിയതായാണ് ആരോപണം. എന്നാല്‍ വന്‍തുക കൈക്കൂലി നല്‍കിയിട്ടും പല ഉദ്യോഗാര്‍ത്ഥികള്‍ക്കും ജോലി ലഭിച്ചില്ല. പലരും വഞ്ചിക്കപ്പെടുകയായിരുന്നു.

അതേസമയം ജയലളിതയുടെ മരണത്തിന് ശേഷം സെന്തില്‍ ടിടിവി ദിനകരന്‍ പക്ഷത്തേക്ക് ചേക്കേറി. എന്നാല്‍ അധികനാള്‍ അവിടെ പിടിച്ച് നില്‍ക്കാന്‍ സെന്തിലിനായില്ല. 2018ല്‍ ഇദ്ദേഹം ഡിഎംകെയില്‍ ചേര്‍ന്നു.

ഇതേസമയത്താണ് ജോലിയും പണവും നഷ്ടപ്പെട്ട ഉദ്യോഗാര്‍ത്ഥികള്‍ നിയമനടപടി ആവശ്യപ്പെട്ട് രംഗത്തെത്തിയത്. തുടക്കത്തില്‍ അന്വേഷണത്തിന്റെ മെല്ലെപ്പോക്ക് ഉദ്യോഗാര്‍ത്ഥികളെ നിരാശരാക്കിയിരുന്നു. വിഷയത്തില്‍ നടപടിയെടുക്കണമെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഉദ്യോഗാര്‍ത്ഥികള്‍ ഹൈക്കോടതിയെ സമീപിച്ചു.തുടര്‍ന്ന് ചൈന്നെ സിസിബി സെന്തില്‍ ബാലാജി ഉള്‍പ്പെടെ നിരവധി പേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കുകയും ചെയ്തു.

LEAVE A REPLY

Please enter your comment!
Please enter your name here