പാലക്കാടിനെ പിന്തള്ളി സംസ്ഥാനത്തെ വലിപ്പമേറിയ ജില്ലയെന്ന സ്ഥാനം ഇടുക്കി തിരികെ പിടിച്ചിരിക്കുകയാണ്. എന്നാല്‍ ഈ വാര്‍ത്ത വന്നത് മുതല്‍ പലതരം സംശയങ്ങളും ട്രോളുകളും ഉയര്‍ന്നുവരുന്നുണ്ട്. ഇടുക്കി വളര്‍ന്നോ, എറണാകുളം മെലിഞ്ഞോ , ജില്ലകളും വളരുമോ
എന്നിങ്ങനെ പോകുന്നു സംശങ്ങള്‍… എന്നാല്‍ എറണാകുളം ജില്ലയിലെ കുട്ടമ്പുഴയുടെ ചില ഭാഗങ്ങള്‍ ഇടുക്കിയോട് കൂട്ടിച്ചേര്‍ത്തതോടെ, ജില്ലയുടെ വിസ്തീര്‍ണം വര്‍ധിച്ചതാണ് ഈ സ്ഥാന മാറ്റത്തിന് പിന്നാലെ യഥാര്‍ത്ഥ കാരണം.
എറണാകുളം കോതമംഗലം താലൂക്കില്‍ കുട്ടമ്പുഴ വില്ലേജിലെ 12,718.5095 ഹെക്ടര്‍ സ്ഥലം ദേവികുളം താലൂക്കിലെ ഇടമലക്കുടി വില്ലേജിലേക്കു ചേര്‍ത്താണ് സംസ്ഥാന സര്‍ക്കാര്‍ വിജ്ഞാപനമിറക്കിയത്. ഭരണ നിര്‍വഹണ സൗകര്യത്തിനായാണ് ഇപ്പോഴത്തെ നടപടിയെന്നാണ് വിശദീകരണം. ഇതോടെ ഇടുക്കിയുടെ വിസ്തീര്‍ണം 4358 ല്‍ നിന്ന് 4612 ചതുരശ്ര കിലോമീറ്ററായി വര്‍ധിച്ചു. ഇതുവരെ ഒന്നാംസ്ഥാനത്തുണ്ടായിരുന്ന പാലക്കാടിന്റെ വിസ്തീര്‍ണം 4482 ചതുരശ്ര കിലോമീറ്ററാണ്.
1997 വരെ ഇടുക്കിയായിരുന്നു കേരളത്തിലെ വലിയ ജില്ല. 1997ല്‍ കുട്ടമ്പുഴ വില്ലേജിനെ എറണാകുളം ജില്ലയോട് ചേര്‍ത്തതോടെ ഇടുക്കിയുടെ വലിപ്പം കുറയുകയും പാലക്കാട് ഒന്നാമതെത്തുകയുമായിരുന്നു. പുതിയ മാറ്റത്തോടെ എറണാകുളം വലിപ്പത്തില്‍ അഞ്ചാം സ്ഥാനത്തേക്കിറങ്ങി. മൂന്നാമത് മലപ്പുറവും നാലാമത് തൃശൂരുമാണ്. ഇടുക്കിക്ക് വലിപ്പം കൂടിയതോടെ പിഎസ്‌സി അടക്കമുള്ള പരീക്ഷകളില്‍ കേരളത്തിലെ ഏറ്റവും വലിയ ജില്ല ഏതെന്ന ചോദ്യത്തിന് ഇനി ഇടുക്കി എന്ന് തന്നെ ഉത്തരമെഴുതണം.