ഡൽഹിയിൽ നടന്ന ജി 20 നേതാക്കളുടെ ഉച്ചകോടിയുടെ വിജയത്തിൽ ഇന്ത്യയെ അഭിനന്ദിച്ച് യുഎസ്. ഇന്ത്യയുടെ അദ്ധ്യക്ഷതയിൽ നടന്ന ജി20 നേതാക്കളുടെ ഉച്ചകോടി സമ്പൂർണ വിജയകരമായിരുന്നുവെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് ഔദ്യോഗിക വക്താവ് മാത്യു മില്ലർ പത്രസമ്മേളനത്തിൽ പറഞ്ഞു.
“ജി 20 വിജയകരമായിരുന്നുവെന്ന് ഞങ്ങൾ പൂർണ്ണമായും വിശ്വസിക്കുന്നു, ഇതൊരു ഒരു വലിയ സംഘടനയാണ്. വ്യത്യസ്തമായ കാഴ്ചപ്പാടുകളുള്ള അംഗങ്ങളുണ്ട്. പ്രാദേശിക അഖണ്ഡതയെയും പരമാധികാരത്തെയും മാനിക്കണമെന്നും ആ തത്വങ്ങൾ ലംഘിക്കപ്പെടരുതെന്നും ആവശ്യപ്പെടുന്ന ഒരു പ്രസ്താവന പുറപ്പെടുവിക്കാൻ സംഘടനയ്ക്ക് കഴിഞ്ഞത് വളരെ പ്രധാനപ്പെട്ട നേട്ടമാണെന്ന് ഞങ്ങൾ വിശ്വസിക്കുന്നു.”- മാത്യു മില്ലർ പറഞ്ഞു.
ഇതാദ്യമായാണ് ജി20 ഉച്ചകോടി ഇന്ത്യ ആതിഥേയത്വം വഹിക്കുന്നത്. ഡൽഹിയിൽ സെപ്റ്റംബർ 9,10 തിയതികളിലായി നടന്ന ഉച്ചകോടിയുടെ സംഘടനാ മികവ് ലോക ശ്രദ്ധ നേടിയിരുന്നു. നിരവധി ലോകനേതാക്കൾ ഇന്ത്യയുടെ ആതിഥേയത്വത്തെ അഭിനന്ദിക്കുകയും വിജയകരമായ ഉച്ചകോടിയിൽ അധ്യക്ഷത വഹിച്ചതിന് പ്രധാനമന്ത്രി മോദിയെ പ്രശംസിക്കുകയും ചെയ്തു.