ക്ഷേത്രപരിസരത്ത് ആയുധപരിശീലനവും മാസ് ഡ്രില്ലും പാടില്ല: ശാർക്കര കേസിൽ ഹൈക്കോടതി.

0
52

കൊച്ചി: ചിറയന്‍കീഴ് ശ്രീ ശാർക്കര ദേവീ ക്ഷേത്രപരിസരത്ത് മാസ് ഡ്രില്ലും ആയുധപരിശീലനവും നടക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്ന് കേരളാ ഹൈക്കോടതി പൊലീസിന് നിര്‍ദേശം നൽകി. രണ്ട് ഭക്തര്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്‍, പി ജി അജിത് കുമാര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് നിര്‍ദേശം നല്‍കിയത്.

രാഷ്ട്രീയ സ്വയംസേവക് സംഘിലെ (ആര്‍എസ്എസ്) അംഗങ്ങള്‍ എന്ന് അവകാശപ്പെട്ട് കുറച്ചാളുകള്‍ ക്ഷേത്രപരിസരം അനധികൃതമായി കൈയേറി മാസ് ഡ്രില്ലുകളും ആയുധപരിശീലനവും നടത്തുന്നതായി ഹര്‍ജിയില്‍ പറയുന്നു. ക്ഷേത്രപരിസരത്ത് ഇത്തരം പ്രവര്‍ത്തികള്‍ നടക്കുന്നില്ലെന്ന് ഉറപ്പാക്കണമെന്ന് ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ക്കും തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡ് ദേവസ്വം കമ്മീഷണര്‍ക്കും ബെഞ്ച് നിര്‍ദേശം നല്‍കി.

ക്ഷേത്രത്തിലെത്തുന്ന തീര്‍ത്ഥാടകര്‍ക്കും ഭക്തര്‍ക്കും, പ്രത്യേകിച്ച് സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും ഇത്തരം പ്രവര്‍ത്തികള്‍ ബുദ്ധിമുട്ട് ഉണ്ടാക്കുന്നതായി ഹര്‍ജിയില്‍ ആരോപിച്ചു. തിരുവതാംകൂര്‍ ദേവസ്വം ബോര്‍ഡും ക്ഷേത്രം അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും ക്ഷേത്രപരിസരം ഇത്തരം പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നത് വിലക്കി സര്‍ക്കുലര്‍ പുറപ്പെടുവിച്ചിട്ടും ഇവര്‍ എല്ലാ ദിവസവും വൈകിട്ട് അഞ്ച് മുതല്‍ പുലര്‍ച്ചെ 12 മണി വരെ ഡ്രില്ലുകളും പരിശീലനവും നടത്തിയിരുന്നതായി ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

ആര്‍എസ്എസ് അംഗങ്ങള്‍ പുകയില ഉത്പന്നങ്ങളായ ഹാന്‍സ്, പാന്‍ മസാല എന്നിവ ക്ഷേത്രപരിസരത്തിനുള്ളില്‍ ഉപയോഗിക്കുന്നതായും ഇത് ക്ഷേത്രത്തിന്റെ വൃത്തിയെയും ദൈവികതയെയും ബാധിക്കുന്നതായും ഹര്‍ജിയില്‍ പറയുന്നു. ആര്‍എസ്എസ് അംഗങ്ങള്‍ അവരുടെ മാസ് ഡ്രില്‍, ആയുധ പരിശീലനം എന്നിവയുടെ ഭാഗമായി ഉച്ചത്തിൽ മുദ്രാവാക്യം വിളിക്കുന്നത് ക്ഷേത്രത്തിന്റെ സമാധാനപരവും ശാന്തവുമായ അന്തരീക്ഷം തകര്‍ക്കുന്നുവെന്നും ഹര്‍ജിക്കാർ വാദിച്ചു. ‘ആരാധനയ്ക്കുള്ള അവകാശം ഇന്ത്യന്‍ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 21 പ്രകാരം ഉറപ്പുനല്‍കുന്ന മൗലികാവകാശമാണെന്നും,’ ഹര്‍ജിയില്‍ പറയുന്നു. ഇക്കാര്യത്തെക്കുറിച്ച് ക്ഷേത്രം നടത്തിപ്പുകാരോട് പരാതിപ്പെട്ടിട്ടും നടപടിയുണ്ടായില്ലെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു.

വിഷയം ഗൗരവമായി കാണണമെന്നും ക്ഷേത്രപരിസരത്ത് ആയുധപരിശീലനമോ മാസ് ഡ്രില്ലുകളോ നടത്തുന്നില്ലെന്ന് ഉറപ്പാക്കണമെന്നും തിരുവിതാംകൂര്‍ ദേവസ്വം അധികാരികൃതരോട് ഹൈക്കോടതി നിര്‍ദേശിച്ചു.

അഭിഭാഷകനായ നിഖില്‍ ശങ്കറാണ് ഹര്‍ജിക്കാര്‍ക്കുവേണ്ടി വാദിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here