ഇന്ത്യയുടെ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് -01 വിജയകരമായ് വിക്ഷേപിച്ചു.

0
107

കോവിഡ് വ്യാപനത്തിന് ശേഷമുള്ള ആദ്യ റോക്കറ്റ് വീക്ഷേപണ ദൗത്യം പൂര്‍ത്തിയാക്കി ഐഎസ്‌ആര്‍ഒ. ഭൗമനിരീക്ഷണത്തിനുള്ള ഇന്ത്യയുടെ റഡാര്‍ ഇമേജിങ് ഉപഗ്രഹമായ ഇഒഎസ് -01 വഹിച്ചുകൊണ്ട് പിഎസ്‌എല്‍വി – സി49 ബഹിരാകാശത്തേക്ക് കുതിച്ചു. വൈകീട്ട് 03.12ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററില്‍ നിന്നാണ് റോക്കറ്റ് വിക്ഷേപിച്ചത്. 3.02ന് വിക്ഷേപിക്കേണ്ട റോക്കറ്റ് കാലാവസ്ഥ പ്രതികൂലമായതോടെ 03.12ലേക്ക് മാറ്റുകയായിരുന്നു.

 

ഇഒഎസ് – 1നൊടൊപ്പം ഒന്‍പത് വിദേശ ഉപഗ്രഹങ്ങളെയും ഭ്രമണപഥത്തിലെത്തിക്കുകയെന്ന ദൗത്യമാണ് പിഎസ്‌എല്‍വി സി49നുള്ളത്. വിക്ഷേപണത്തിന് മുന്നോടിയായുള്ള കൗണ്ട്ഡൗണ്‍ ഇന്നലെ ആരംഭിച്ചിരുന്നു. 2020 ലെ ഇന്ത്യന്‍ ബഹിരാകാശ ഗവേഷണ ഓര്‍ഗനൈസേഷന്റെ (ഐഎസ്‌ആര്‍ഒ) ആദ്യത്തെ ബഹിരാകാശ ദൗത്യമാണ് ഈ വിക്ഷേപണം.ഇന്ത്യയുടെ പോളാര്‍ സാറ്റ്‌ലൈറ്റ് ലോഞ്ച് വാഹനത്തിന്റെ 51-ാം ദൗത്യമാണ് പിഎസ്‌എല്‍വി – സി49. കൃഷി, വനസംരക്ഷണം, ദുരന്തനിവാരണം എന്നീ മേഖലകളില്‍ ഉപയോഗപ്പെടുത്താന്‍ കഴിയുന്നതാണ് ശനിയാഴ്ച വിക്ഷേപിക്കുന്ന ഭൗമ നിരീക്ഷണ ഉപഗ്രഹം. റിസാറ്റ് -2ബിആര്‍2 എന്നപേരിലും ഇത് അറിയപ്പെടും.

 

ലിത്വാനിയ (1-ടെക്നോളജി ഡെമോസ്‌ട്രേറ്റര്‍), ലക്സംബര്‍ഗ് (ക്ലിയോസ് സ്പേസിന്റെ 4 മാരിടൈം ആപ്ലിക്കേഷന്‍ ഉപഗ്രഹങ്ങള്‍), യുഎസ് (4-ലെമൂര്‍ മള്‍ട്ടി മിഷന്‍ റിമോട്ട് സെന്‍സിംഗ് സാറ്റലൈറ്റുകള്‍) എന്നിവയാണ് വിദേശത്തുനിന്നുള്ള ഒന്‍പത് ഉപഗ്രഹങ്ങള്‍.

LEAVE A REPLY

Please enter your comment!
Please enter your name here