ന്യൂഡല്‍ഹി മണിപ്പുരില്‍ കലാപം തടയാൻ വിന്യസിച്ച കേന്ദ്രസേനകളെ വീണ്ടും നിശിതമായി വിമര്‍ശിച്ച് സംസ്ഥാന ബിജെപി സര്‍ക്കാര്‍.
കഴിഞ്ഞ ദിവസം ഏറ്റുമുട്ടലുണ്ടായ കാക്ചിങ് ജില്ലയിലെ പല്ലേലില്‍ കേന്ദ്രസേനകള്‍ അമിത ഇടപെടല്‍ നടത്തിയെന്നാണ് വിമര്‍ശനം. മുഖ്യമന്ത്രി എൻ ബിരേൻ സിങിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭായോഗം കേന്ദ്രസേനകളുടെ ഇടപെടലിനെ അപലപിച്ചു. കേന്ദ്രസേനകളുടെ ഹിതകരമല്ലാത്ത നടപടികള്‍ കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍ കൊണ്ടുവരാനും മന്ത്രിസഭായോഗം തീരുമാനിച്ചു.
പല്ലേലില്‍ വെള്ളിയാഴ്ചയുണ്ടായ ഏറ്റുമുട്ടലില്‍ മൂന്നുപേര്‍ കൊല്ലപ്പെട്ടിരുന്നു. കേന്ദ്രസേനകള്‍ കുക്കി വിഭാഗത്തെ സഹായിക്കുന്നുവെന്ന ആക്ഷേപം മെയ്ത്തീ സംഘടനകള്‍ ഉയര്‍ത്തിയിരുന്നു. ഇതേ നിലപാടാണ് മന്ത്രിസഭാ യോഗതീരുമാനത്തിലൂടെ സംസ്ഥാന ബിജെപി സര്‍ക്കാരും സ്വീകരിച്ചിരിക്കുന്നത്. കേന്ദ്രസേനയായ അസം റൈഫിള്‍സിനെ മണിപ്പുരില്‍നിന്ന് പിൻവലിക്കണമെന്ന ആവശ്യം ബിജെപി സംസ്ഥാന ഘടകം നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു.
സംഘര്‍ഷമേഖലകളെ അസ്വസ്ഥ പ്രദേശങ്ങളായി പരിഗണിക്കുന്നത് ആറുമാസത്തേക്ക് കൂടി നീട്ടാനും മന്ത്രിസഭായോഗം തീരുമാനിച്ചു. അസ്വസ്ഥ പ്രദേശങ്ങളായി പ്രഖ്യാപിക്കുന്ന ഇടങ്ങളില്‍ സായുധസേനാ പ്രത്യേകാധികാര നിയമമായിരിക്കും (അഫ്സ) പ്രാബല്യത്തില്‍.