ഡല്‍ഹി പ്രഖ്യാപനം ഉച്ചകോടിയില്‍ അംഗീകരിക്കപ്പെട്ടതില്‍ ജി 20 സംഘത്തെ അഭിനന്ദിച്ച് കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഇത് പ്രശംസനീയമായ നേട്ടമാണെന്നും അദ്ദേഹം പറഞ്ഞു. ജി20 ഷെര്‍പ്പ അമിതാഭ് കാന്തിനെ പ്രശംസിച്ച തരൂര്‍ ഇത്തരമൊരു നയതന്ത്ര കരാര്‍ ഉണ്ടാക്കുക എളുപ്പമല്ലെന്നും പറഞ്ഞു.
‘ഞാന്‍ ജി 20 ഷെര്‍പ്പ, അമിതാഭ് കാന്ത് വിദേശകാര്യ മന്ത്രി എസ് ജയ്ശങ്കര്‍ എന്നിവരുമായി ബന്ധപ്പെടാറുണ്ട്. ഞാന്‍ അവരെ അഭിനന്ദിക്കുന്നു, കാരണം തീര്‍ച്ചയായും ഇന്ത്യക്ക് വളരെ നല്ല കാര്യമാണ് അവര്‍ ചെയ്തത്. ഇതുപോലൊരു നയതന്ത്ര ചര്‍ച്ച നടപ്പാക്കുക എന്നത് എളുപ്പമല്ല’ ജി20 ഉച്ചകോടിയെക്കുറിച്ചുള്ള വെര്‍ച്വല്‍ സംഭാഷണത്തിനിടെ തരൂര്‍ പറഞ്ഞു.
‘അവര്‍ രണ്ടുപേരും വളരെയധികം പരിശ്രമിച്ചതായി തോന്നുന്നു, ക്രെഡിറ്റ് നല്‍കേണ്ടതിന് അത് നല്‍കണം എന്ന് ഞാന്‍ കരുതുന്നു’ അദ്ദേഹം പറഞ്ഞു.ജി 20 ഉച്ചകോടിയുടെ ഉദ്ഘാടന ദിവസം ‘100 ശതമാനം സമവായത്തോടെ’ ന്യൂഡല്‍ഹി നേതാക്കളുടെ ഉച്ചകോടി പ്രഖ്യാപനം അംഗീകരിച്ചത് ഇന്ത്യയുടെ ഏറ്റവും വലിയ നേട്ടമായാണ് കണക്കാക്കപ്പെടുന്നത്.
‘അമിതാഭ് കാന്തിന്റെയും എസ് ജയശങ്കറിന്റെയും നേതൃത്വത്തില്‍ ഇത് ചെയ്യാന്‍ കഠിനാധ്വാനം ചെയ്തവരെ അഭിനന്ദിക്കാന്‍ ഞാന്‍ മടിക്കില്ല, വളരെ വലിയ കാര്യമാണ് അവര്‍ നേടിയത്’ കോണ്‍ഗ്രസ് നേതാവ് പറഞ്ഞു.
യുക്രെയ്നിലെ യുദ്ധത്തെച്ചൊല്ലി ജി20 ഗ്രൂപ്പില്‍ വിഭജനം ഉണ്ടായിരുന്നു. പാശ്ചാത്യ രാജ്യങ്ങള്‍ റഷ്യയെ ശക്തമായി അപലപിക്കാന്‍ ശ്രമിക്കുകയും മറ്റുള്ളവര്‍ വിശാലമായ സാമ്പത്തിക വിഷയങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു എന്നിട്ടും 100 ശതമാനം സമവായത്തോടെയാണ് ഡല്‍ഹി പ്രഖ്യാപനം പാസാക്കിയത്.