വ്യാജ രേഖ ചമച്ച് കെ.എസ്.എഫ്.ഇയിൽനിന്ന് കോടികൾ തട്ടിയ കേസ്;

0
69

വ്യാജ രേഖകൾ ചമച്ച് കെ എസ് എഫ് ഇയിൽനിന്ന് കോടികൾ തട്ടിയെടുത്ത കേസിൽ മുഖ്യപ്രതി അറസ്റ്റിൽ . മലപ്പുറം പയ്യനാട് സ്വദേശി അനീഷ് റാഷിദ് ആണ് കോഴിക്കോട് – താമരശ്ശേരി പൊലീസിന്റെ പിടിയിലായത്.

ഒളിവിൽ കഴിയുകയായിരുന്ന പ്രതിയെ കർണാടകയിൽ നിന്ന് അന്വേഷണ സംഘം അറസ്റ്റ് ചെയ്യുകയായിരുന്നു .കെ എസ് എഫ് ഇ കോഴിക്കോട് ടൗൺ, ഈങ്ങാപ്പുഴ ബ്രാഞ്ചുകളിൽ നിന്നായി വ്യാജ രേഖകൾ നിർമിച്ച് 7 കോടി രൂപ തട്ടിയെടുത്ത സംഭവത്തിലാണ് മുഖ്യപ്രതി ഒരു വർഷത്തിന് ശേഷം പിടിയിലായത്.

പയ്യനാട് – കുട്ടിപ്പാറ സ്വദേശി അനീഷ് റാഷിദിനെ കർണാടകയിലെ ഒളിസങ്കേതത്തിൽ നിന്ന് പൊലീസ് സാഹസികമായി പിടികൂടുകയായിരുന്നു.ബാങ്ക് അക്കൗണ്ടിൽ നിന്ന് പണം പിൻവലിക്കുന്ന വിവരങ്ങൾ ശേഖരിച്ച് പിന്തുടർന്നാണ് പ്രതിയെ പിടികൂടിയത്. ബിനാമികളെ ഉപയോഗിച്ചാണ് ഇയാൾ തട്ടിപ്പ് നടത്തിയിരുന്നത്.

ബിനാമികളെ ചിട്ടിയിൽ ചേർക്കുകയും ഈടിനായി ബിനാമികളുടെ പേരിൽ ഭൂമിയുടെ വ്യാജ രേഖകൾ തയ്യാറാക്കി സമർപ്പിക്കുകയുമായിരുന്നു. വില്ലേജ് ഓഫീസുകളുടെ സീൽ നിർമ്മിച്ച് വ്യാജ ഒപ്പിട്ട് സ്ഥലത്തിന്റെ സ്‌കെച്ച്, ലൊക്കേഷൻ സർട്ടിഫിക്കറ്റ്, പ്ലാൻ, ആധാരം എന്നിവ നിർമിച്ചായിരുന്നു തട്ടിപ്പ് .സംഭവത്തിൽ മലപ്പുറം സ്വദേശികളായ നിയാസ് അലി, കിഴക്കേതിൽ ഷാജഹാൻ, കറുത്തേടത്ത് നാദിർ, വയനാട് സുൽത്താൻബത്തേരി സ്വദേശി ഹാരിസ്, റിട്ട.

തഹസിൽദാർ പയ്യോളി സ്വദേശി കെ പ്രദീപ് കുമാർ എന്നിവരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. പ്രതികളുടെയും ബന്ധുക്കളുടെയും പേരിലുള്ള സ്വത്തു വകകൾ കണ്ടുകെട്ടുന്നതിന് പൊലീസും കെ എസ് എഫ് ഇയും നടപടി സ്വീകരിച്ചു വരികയാണ്.

LEAVE A REPLY

Please enter your comment!
Please enter your name here