ഇടുക്കിയിൽ കോൺഗ്രസ് പ്രഖ്യാപിച്ച 12 മണിക്കൂർ ഹർത്താൽ തുടങ്ങി. ഹർത്താൽ സാഹചര്യം കണക്കിലെടുത്ത് ജില്ലയിലെ എൽപി, യുപി, ഹൈസ്‌കൂൾ ക്ലാസുകളിലെ പരീക്ഷകൾ മാറ്റിയതായി പൊതു വിദ്യാഭ്യാസ ഡയറക്‌ടർ ഇന്നലെ അറിയിച്ചിരുന്നു. മാറ്റിവെച്ച പരീക്ഷ ഈ മാസം 25ന് നടത്താനാണ് നിർദ്ദേശം. പിഎസ്‌സി പരീക്ഷകൾക്ക് മാറ്റമില്ല. വൈകിട്ട് ആറു വരെയാണ് ഹർത്താൽ. വിവിധ ഇടങ്ങളിൽ കോൺഗ്രസ് പ്രകടനവും നടത്തും. എന്നാൽ, കടകൾ തുറക്കുമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി അറിയിച്ചിട്ടുണ്ട്.
1964 ലെയും 93 ലെയും ഭൂമി പതിവ് ചട്ടം ഭേദഗതി ചെയ്യുക, 13 പഞ്ചായത്തുകളിൽ ഏർപ്പെടുത്തിയിരിക്കുന്ന നിർമ്മാണ നിയന്ത്രണം പിൻ വലിക്കുക, പട്ടയ നടപടികൾ പുനരാരംഭിക്കുക, വന്യമൃഗ ശല്യത്തിൽ നിന്നും കർഷകരെ രക്ഷിക്കാൻ നടപടി സ്വീകരിക്കുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ചാണ് ഹർത്താൽ. മഹാത്മാ ഗാന്ധി സര്‍വകലാശാല ഇന്ന്(ഓഗസ്‌റ്റ് 18) നടത്താനിരുന്ന എല്ലാ പരീക്ഷകളും ശനിയാഴ്‌ചയിലേക്ക് (ഓഗസ്‌റ്റ് 19) മാറ്റി.
ദുരന്തനിവാരണ നിയമം മറയാക്കി ജില്ലയിലെ 13 പഞ്ചായത്തിൽ വീണ്ടും നിർമാണ നിരോധനം പ്രഖ്യാപിച്ച നടപടിക്കെതിരെ പ്രതിഷേധം ശക്തമാകുന്ന വേളയിലാണ് കോണ്‍ഗ്രസ് ഹർത്താലുമായി മുന്നോട്ട് വരുന്നത്. ജില്ലയിലെ അനധികൃത നിർമാണങ്ങളുമായി ബന്ധപ്പെട്ട് പരിസ്ഥിതി സംഘടന നൽകിയ ഹർജിയിൽ ഹൈക്കോടതി നിർദേശം പാലിച്ചുകൊണ്ട് 13 പഞ്ചായത്തുകളിൽ കെട്ടിട നിർമാണത്തിനുൾപ്പെടെ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാൻ കളക്‌ടർ ഉത്തരവിട്ടിരുന്നു.