പി ആർ ശ്രീജേഷിനുള്ള സംസ്ഥാന സർക്കാരിൻ്റെ ആദരം ഇന്ന്.

0
19

ഒളിമ്പിക്സില്‍ രണ്ടാം തവണയും വെങ്കലമെഡല്‍ നേട്ടം കൈവരിച്ച പി.ആര്‍.ശ്രീജേഷിനുള്ള അനുമോദന ചടങ്ങ് ഇന്ന്. വിപുലമായ ഒരുക്കങ്ങളാണ് തിരുവനന്തപുരത്ത് ഇതിനായി തയ്യാറാക്കാട്ടിയിട്ടുള്ളത്. വൈകീട്ട്‌ 4 ന്‌ വെള്ളയമ്പലം ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിൽ നടക്കുന്ന ചടങ്ങ് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

വൈകിട്ട് മൂന്നരയോടെ മാനവീയം വീഥിയുടെ പരിസരത്തു നിന്നു ശ്രീജേഷിനെ സ്വീകരിച്ച് തുറന്ന ജീപ്പില്‍ ജിമ്മി ജോര്‍ജ്ജ് ഇന്‍ഡോര്‍ സ്റ്റേഡിയത്തിലേക്ക് ആനയിക്കും. 10 സ്കൂള്‍ ബാന്‍റ് സംഘങ്ങളും ജി.വി.രാജ സ്പോര്‍ട്സ് സ്കൂൾ, സ്പോര്‍ട്സ് കൗണ്‍സില്‍ ഹോസ്റ്റലുകൾ, വിവിധ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ കുട്ടികള്‍ അകമ്പടിയേകും. മന്ത്രിമാരും അന്താരാഷ്ട്ര, ദേശീയ കായികതാരങ്ങളും കായിക അസോസിയേഷന്‍ പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും. കായിക താരങ്ങളും സ്കൂൾ വിദ്യാർത്ഥികളുമടക്കം മൂവായിരത്തോളം പേർ പങ്കെടുക്കും

ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച 2 കോടി രൂപ പാരിതോഷികം ചടങ്ങില്‍ മുഖ്യമന്ത്രി സമ്മാനിക്കും. കായികവകുപ്പ് മന്ത്രി വി.അബ്ദുറഹിമാന്‍ അദ്ധ്യക്ഷത വഹിക്കും. ഒപ്പം, പാരിസ്‌ ഒളിമ്പിക്‌സിനുള്ള ഇന്ത്യൻ സംഘത്തിലെ മുഹമ്മദ്‌ അനസ്‌, എച്ച്‌ എസ്‌ പ്രണോയ്‌, മുഹമ്മദ്‌ അജ്‌മൽ, അബ്‌ദുള്ള അബൂബക്കർ എന്നീ 4 മലയാളി താരങ്ങൾക്കും അത്‌ലറ്റിക്‌സ്‌ ചീഫ്‌ കോച്ച്‌ പി രാധാകൃഷ്‌ണൻ നായർക്കും പ്രഖ്യാപിച്ച 5 ലക്ഷം രൂപ വീതം പാരിതോഷികവും ചടങ്ങിൽ സമ്മാനിക്കും.

ഏഷ്യന്‍ ഗെയിംസ് മെഡല്‍ ജേതാക്കളായ അഞ്ച് താരങ്ങളെ പൊതുവിദ്യാഭ്യാസ വകുപ്പില്‍ അസിസ്‌റ്റന്റ്‌ സ്പോര്‍ട്സ് ഓര്‍ഗനൈസറായി നിയമിച്ചുള്ള ഉത്തരവ് ചടങ്ങില്‍ പൊതുവിദ്യാഭ്യാസ വകുപ്പ് മന്ത്രി വി.ശിവന്‍കുട്ടി വിതരണം ചെയ്യും. പി യു ചിത്ര, മുഹമ്മദ്‌ അനസ്‌, വി കെ വിസ്‌മയ, വി നീന, കുഞ്ഞുമുഹമ്മദ്‌ എന്നിവർക്കാണ്‌ നിയമനം നൽകുന്നത്‌.

പാരിസ് ഒളിമ്പിക്സിന് പിന്നാലെ ആഗസ്റ്ര് 26ന് നടത്താനിരുന്ന പരിപാടിയാണ് ഇന്ന് നടക്കുന്നത്. അന്ന് കായിക വകുപ്പിനെ അവഗണിച്ചാണ് വിദ്യാഭ്യാസവകുപ്പ് പരിപാടി സംഘടിപ്പിച്ചതെന്ന് ചൂണ്ടിക്കാട്ടി മന്ത്രി അബ്ദുറഹിമാൻ മുഖ്യമന്ത്രിയെ സമീപിച്ചതിനെ തുടർന്ന് പരിപാടി മാറ്റിവയ്ക്കുകയായിരുന്നു. പരിപാടിയിൽ പങ്കെടുക്കാൻ ശ്രീജേഷും കുടുംബവും തിരുവനന്തപുരത്തേക്ക് തിരിച്ചതിന് പിന്നാലെ പരിപാടി മാറ്റിവച്ചത് വലിയ വിവാദത്തിലെത്തുകയും ചെയ്തിരുന്നു.ഇക്കുറി കായിക വകുപ്പും വിദ്യാഭ്യാസവകുപ്പും സഹകരിച്ചാണ് പരിപാടി നടത്തുന്നത്.

ശ്രീജേഷുൾപ്പടെയുള്ളവർക്ക് പ്രഖ്യാപിച്ച സമ്മാനത്തുക സ്വീകരണച്ചടങ്ങിന് മുമ്പുതന്നെ അക്കൗണ്ടിലെത്തുമെന്ന് കായിക വകുപ്പ് അറിയിച്ചു. ഈ തുകകൾ പാസാക്കാൻ ട്രഷറിക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here