ഇന്ത്യയും അയർലൻഡും തമ്മിലുള്ള മൂന്ന് മത്സര ടി20 പരമ്പരയിലെ ആദ്യ പോരാട്ടം ഇന്ന് നടക്കും. ഇന്ത്യൻ സമയം രാത്രി 7.30 മുതൽ ഡബ്ലിനിലെ മലാഹൈഡ് ക്രിക്കറ്റ് ക്ലബ് ഗ്രൗണ്ടിലാണ് ഇരു ടീമുകളും തമ്മിലുള്ള ആദ്യ ടി20 മത്സരം നടക്കുക. പരമ്പരയിൽ ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ ടീമിനെ നയിക്കുതെങ്കിൽ, പോൾ സ്‌റ്റെർലിങ്ങ് അയർലണ്ടിന്റെ ചുമതല വഹിക്കും. നിരവധി യുവ താരങ്ങളാണ് പരമ്പരയിൽ കഴിവ് തെളിയിക്കാനായി അവസരം കാത്തിരിക്കുന്നത്.
ആദ്യ ടി20 മത്സരത്തിന് അരങ്ങൊരുമ്പോൾ എല്ലാ കണ്ണുകളും ഇന്ത്യൻ ക്യാപ്റ്റൻ ജസ്പ്രീത് ബുമ്രയിലേക്കായിരിക്കും ചെന്നെത്തുക. പരിക്കിനെ തുടർന്ന് 11 മാസത്തോളം വിട്ടുനിന്നതിന് ശേഷമാണ് സ്‌റ്റാർ ബൗളർ കളിക്കളത്തിലേക്ക് തിരിച്ചുവരവ് നടത്തുന്നത്. ഈ മത്സരത്തിലൂടെ തന്റെ ഫിറ്റ്‌നസ് തെളിയിക്കാനാവും ബുമ്രയുടെ ശ്രമം, അതുപോലെ തന്നെ ക്യാപ്റ്റനെന്ന നിലയിൽ മികച്ച തടവും താരം അഗ്രഹിക്കുന്നു.
ഒക്ടോബറിൽ ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ലോകകപ്പിൽ നിർണായക സാന്നിധ്യമാവാൻ പോകുന്ന താരം ഇവിടെ മികവ് തെളിയിക്കേണ്ടത് അത്യാവശ്യമാണ്. ബുമ്രയ്ക്ക് അതിനായാൽ ടീമിന് നൽകുന്ന ആശ്വാസം ചില്ലറയല്ല. പ്രത്യേകിച്ച് പരിമിത ഓവറിൽ ഇന്ത്യയുടെ സമീപകാല പ്രകടനങ്ങൾ ഒട്ടും ആശാവഹമല്ല എന്നതിനാൽ തന്നെ ഈ പരമ്പരയ്ക്ക് ഏറെ പ്രാധാന്യമുണ്ട്.
അയർലൻഡിനെതിരായ പരമ്പരയിലൂടെ മത്സര പരിശീലനം നേടുകയാവും ബുമ്രയുടെ ലക്ഷ്യം, ഒപ്പം ഏഷ്യാ കപ്പിനുള്ള തയ്യാറെടുപ്പുമാവും ഇത്. മറുവശത്ത്, പോൾ സ്‌റ്റെർലിംഗ് നയിക്കുന്ന ആതിഥേയരായ അയർലൻഡ് ടീമിൽ ഹാരി ടെക്ടർ, ലോർക്കൻ ടക്കർ, ഇടംകൈയൻ സ്‌പിന്നർ ജോർജ്ജ് ഡോക്രൽ തുടങ്ങിയ പ്രതിഭാധനരായ ഒരുപിടി താരങ്ങളുണ്ട്. ഐറിഷ് ടീമിലുണ്ടായിരുന്ന ഇടംകൈയ്യൻ ഫാസ്‌റ്റ് ബൗളർ ജോഷ്വ ലിറ്റിൽ കഴിഞ്ഞ ഐപിഎൽ സീസണിൽ ഗുജറാത്ത് ടൈറ്റൻസിന് വേണ്ടി കളിച്ചിരുന്നു.
ജസ്പ്രീത് ബുംറ, പ്രസിദ്ധ് കൃഷ്‌ണ, സഞ്ജു സാംസൺ എന്നിവരൊഴികെ ബാക്കിയുള്ള താരങ്ങളെല്ലാം ഹാങ്‌ഷൗ ഏഷ്യൻ ഗെയിംസിൽ പങ്കെടുക്കുന്ന ഇന്ത്യൻ ടീമിന്റെ ഭാഗമാകും. ഈ സാഹചര്യത്തിൽ പരമ്പരയിലൂടെ ഏഷ്യൻ ഗെയിംസിനുള്ള മികച്ച ഇലവനെ കണ്ടെത്താനാവും ബിസിസിഐയുടെ നീക്കം. ഐപിഎല്ലിന്റെ കണ്ടെത്തലായ റിങ്കു സിംഗിനും ജിതേഷ് ശർമ്മയും ഇന്നത്തെ മത്സരത്തിലൂടെ ഇന്ത്യക്കായി അരങ്ങേറ്റം കുറിക്കുമെന്നാണ് റിപ്പോർട്ടുകൾ.