ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കര്‍ സിംഗ് ധാമിയെ ഫോണില്‍ സംസാരിച്ചുകൊണ്ട് സല്യൂട്ട് ചെയ്ത പോലീസ് ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. കോട്വാറിലെ അഡീഷണല്‍ പോലീസ് സൂപ്രണ്ട് (എഎസ്പി) ശേഖര്‍ സുയാലിനെതിരെയാണ് അച്ചടക്ക നടപടി. മുഖ്യമന്ത്രി കോട്ദ്വാറിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നതിനിടെയാണ് സംഭവം.
മുഖ്യമന്ത്രി തന്റെ ഹെലികോപ്റ്ററില്‍ നിന്ന് ഇറങ്ങിയതിന് പിന്നാലെ എഎസ്പി ഫോണില്‍ സംസാരിച്ചുകൊണ്ട് അദ്ദേഹത്തെ സല്യൂട്ട് ചെയ്യുകയായിരുന്നു. ഈ വീഡിയോ പിന്നീട് വൈറലായതോടെ അച്ചടക്ക നടപടി സ്വീകരിക്കുകയായിരുന്നു. എഎസ്പിയെ നരേന്ദ്ര നഗറിലെ പോലീസ് പരിശീലന കേന്ദ്രത്തിലേക്കാണ് മാറ്റിയത്.
ആഗസ്ത് 11ന് ഹരിദ്വാറില്‍ നിന്നെത്തിയ മുഖ്യമന്ത്രി കോട്ദ്വാറിലെ ഗ്രസ്താന്‍ഗഞ്ച് ഹെലിപാഡിലാണ് ഇറങ്ങിയത്. മുഖ്യമന്ത്രിയെ ഹെലിപാഡില്‍ സ്വീകരിക്കാന്‍ പൊലീസും ജനപ്രതിനിധികളുമടക്കം എത്തിയിരുന്നു. പെട്ടെന്ന് ഒരു കൈകൊണ്ട് ഫോണ്‍ ചെവിയില്‍ പിടിച്ച് മറുകൈകൊണ്ട് മുഖ്യമന്ത്രിക്ക് സല്യൂട്ട് നല്‍കി എഎസ്പി അവിടേയ്ക്ക് എത്തുകയായിരുന്നു. ശേഖര്‍ സുയാലിനെ സ്ഥലംമാറ്റിയതിന് പിന്നാലെ ജയ് ബലൂനിയെ കോട്വാറിലെ പുതിയ അഡീഷണല്‍ പോലീസ് സൂപ്രണ്ടായി നിയമിച്ചു.
കനത്ത മഴയെ തുടര്‍ന്ന് കോട്വാറില്‍ നിരവധി വീടുകളില്‍ വെള്ളം കയറിയിരുന്നു. നദികളുടെ ഗതി മാറി ഒഴുകിയതോടെ രണ്ട് വലിയ പാലങ്ങളും ഒരു ചെറിയ പാലവും ഉള്‍പ്പെടെ മൂന്ന് പാലങ്ങള്‍ തകര്‍ന്നു. ഈ സാഹചര്യത്തിലാണ് മുഖ്യമന്ത്രി കോട്ദ്വാറിലെ ദുരന്തബാധിത പ്രദേശം നേരിട്ട് സന്ദര്‍ശിക്കാനെത്തിയത്.