ഇന്ത്യ തദ്ദേശീയമായി നിർമിച്ച ഹ്രസ്വദൂര ഉപഗ്രഹ വിക്ഷേപണ പേടകം എസ്.എസ്.എൽ.വി ഡി 2 വിജയകരമായി വിക്ഷേപിച്ചു. രാവിലെ 9.18ന് ആന്ധ്രപ്രദേശിലെ ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്‌പേസ് സെൻററിൽ നിന്നാണ് എസ്.എസ്.എൽ.വി വിക്ഷേപിച്ചത്. പേടകത്തിൻറെ രണ്ടാം ദൗത്യമാണ് ഇന്ന് നടന്നത്. കഴിഞ്ഞ വർഷം ഓഗസ്റ്റ് 7ന് നടന്ന എസ്എസ്എൽവി ദൗത്യം പരാജയപ്പെട്ടിരുന്നു.
മൂന്ന് ഉപഗ്രഹങ്ങളെയാണ് എസ്എസ്എൽവി ബഹിരാകാശത്ത് എത്തിച്ചത്. ഐഎസ്ആർഒയുടെ ഭൗമ നിരീക്ഷണ ഉപഗ്രഹമായ ഇഒഎസ് 07, അമേരിക്കൻ കമ്പനി അന്റാരിസിന്റെ ജാനസ് 1, ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയുടെ ആസാദി സാറ്റ് 2 എന്നിവയാണ് ദൗത്യത്തിലുള്ളത്. ഇന്ത്യൻ സ്റ്റാർട്ടപ്പ് സ്പേസ് കിഡ്സ് ഇന്ത്യയിലൂടെ 750ഓളം പെൺകുട്ടികൾ വികസിപ്പിച്ചെടുത്ത് ഉപഗ്രഹമാണ് ആസാദി സാറ്റ് 2. ഉപഗ്രഹത്തിന് 8.7 കിലോഗ്രാം ഭാരമാണുളളത്.
‘ഞങ്ങൾക്ക് ഒരു പുതിയ വിക്ഷേപണ വാഹനം ഉണ്ട്. എസ്എസ്എൽവി അതിന്റെ രണ്ടാം ശ്രമത്തിൽ, ഉപഗ്രഹങ്ങളെ വളരെ കൃത്യമായി ഭ്രമണപഥത്തിൽ എത്തിച്ചു. മൂന്ന് ഉപഗ്രഹ ടീമുകൾക്കും അഭിനന്ദനങ്ങൾ. എസ്എസ്എൽവി അതിന്റെ കന്നി പറക്കൽ നടത്തി, വേഗതയിലുണ്ടായ കുറവ് കാരണം ആദ്യം ചെറിയ പിഴവുണ്ടായി. പ്രശ്‌നം കണ്ടെത്തുകയും വിശകലനം ചെയ്യുകയും അത് പരിഹരിക്കുകയും ചെയ്തു.’ വിക്ഷേപണത്തിന് ശേഷം ഐഎസ്ആർഒ മേധാവി എസ് സോമനാഥ് പറഞ്ഞു.
വിക്ഷേപണം നടത്തി 15.24 മിനിട്ടിനുള്ളിൽ ഉപഗ്രഹങ്ങൾ 450 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ചു. കുറഞ്ഞ ചെലവ്, വേഗത്തിലുള്ള തിരിയുന്ന സമയം, ഒന്നിലധികം ഉപഗ്രഹങ്ങളെ ഉൾക്കൊള്ളുന്നതിനുള്ള വഴക്കം, വിക്ഷേപണ-ഓൺ-ഡിമാൻഡ് സാധ്യതകൾ, കുറഞ്ഞ വിക്ഷേപണ അടിസ്ഥാന സൗകര്യങ്ങൾ എന്നിവയാണ് എസ്എസ്എൽവിയുടെ പ്രധാന സവിശേഷതകളെന്ന് ഇസ്രോ പറഞ്ഞു.