അതിര്‍ത്തി പ്രശ്‌ന പരിഹാരത്തിനൊരുങ്ങി ഇന്ത്യയും ചൈനയും

0
63

കിഴക്കന്‍ ലഡാക്കിലെ നിയന്ത്രണ രേഖയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനായി  പ്രവര്‍ത്തിക്കാന്‍ ഇന്ത്യയും ചൈനയും സമ്മതിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചു. രണ്ട് ദിവസത്തെ സൈനിക ചര്‍ച്ചയ്ക്ക് പിന്നാലെയാണ് ഈ തീരുമാനം. ചുഷുല്‍-മോള്‍ഡോ ബോര്‍ഡര്‍ മീറ്റിംഗ് പോയിന്റിലെ കോര്‍പ്‌സ് കമാന്‍ഡര്‍-ലെവല്‍ മീറ്റിംഗിന്റെ 19-ാം റൗണ്ടിലെ ചര്‍ച്ചകള്‍ ഫലപ്രദമായെന്നാണ് വിലയിരുത്തുന്നത്. അതേസമയം പ്രശ്‌നബാധിത പ്രദേശങ്ങളില്‍ നിന്ന് സൈനികരെ പിരിച്ചുവിടുന്നതുള്‍പ്പെടെയുളള നടപടികളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

‘പടിഞ്ഞാറന്‍ മേഖലയിലെ നിയന്ത്രണരേഖയില്‍ അവശേഷിക്കുന്ന പ്രശ്ന പരിഹാരത്തെക്കുറിച്ച് ഇരുപക്ഷവും പോസിറ്റീവും ആഴത്തിലുള്ളതുമായ ചര്‍ച്ച നടത്തി. ഇരുരാജ്യങ്ങളുടെയും നേതൃത്വം നല്‍കിയ മാര്‍ഗ്ഗനിര്‍ദ്ദേശത്തിന് അനുസൃതമായി കാര്യങ്ങള്‍ ചര്‍ച്ചചെയ്യുകയും കാഴ്ചപ്പാടുകള്‍ പരസ്പരം കൈമാറുകയും ചെയ്തു’ ഡല്‍ഹിയിലും ബീജിംഗിലും ഒരേസമയം പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു

ബാക്കിയുള്ള പ്രശ്‌നങ്ങള്‍ വേഗത്തില്‍ പരിഹരിക്കാനും സൈനിക, നയതന്ത്ര ചര്‍ച്ചകളിലൂടെ നടപടികള്‍ മുന്നോട്ട് കൊണ്ടുപോകാനും ഇരുപക്ഷവും സമ്മതിച്ചു. അതിര്‍ത്തി പ്രദേശങ്ങളില്‍ സമാധാനം നിലനിര്‍ത്താനും ഇരുപക്ഷവും സമ്മതിച്ചതായി പ്രസ്താവനയില്‍ പറയുന്നു.

സെപ്തംബര്‍ 9, 10 തീയതികളില്‍ നടക്കുന്ന ജി20 ഉച്ചകോടിയില്‍ ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം അതിര്‍ത്തി തര്‍ക്കം പരിഹരിക്കപ്പെടുന്നതുവരെ ചൈനയുമായുള്ള ഉഭയകക്ഷി ബന്ധം സാധാരണ നിലയിലെത്തില്ലെന്ന് ഇന്ത്യ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here