ഇടുക്കി: വില ഇടിവില്‍ നട്ടം തിരിഞ്ഞ കര്‍ഷകര്‍ക്ക് പ്രതീക്ഷ നല്‍കി ഏലം വില രണ്ടായിരം കടന്നു. കഴിഞ്ഞ ദിവസം നടന്ന ലേലത്തില്‍ 2617 രൂപയാണ് ഏറ്റവും ഉയര്‍ന്ന വില രേഖപ്പെടുത്തിയത്.
ഈ വര്‍ഷം ഇതാദ്യമായാണ് ഏലത്തിന്റെ വില രണ്ടായിരത്തിന് മുകളിലെത്തുന്നത്.
വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷമാണ് ഏലം വിലയില്‍ വര്‍ധനയുണ്ടാകുന്നത്. കാലവര്‍ഷം ദുര്‍ബലമായതോടെ ഉല്‍പാദനം കുറഞ്ഞതും പശ്ചിമേഷ്യൻ,ഗള്‍ഫ് രാജ്യങ്ങളിലേയ്ക്കുള്ള കയറ്റുമതി ഉയര്‍ന്നതുമാണ് വില കൂടാൻ കാരണം. ആയിരത്തില്‍ താഴെയുണ്ടായിരുന്ന ഏലക്കായുടെ വില രണ്ടായിരം കടന്നതോടെ കര്‍ഷകര്‍ പ്രതീക്ഷയിലാണ്.
ഓണക്കാലമെത്തിയതോടെ ആഭ്യന്തര വിപണിയില്‍ ഏലത്തിന് മൂല്യം കൂടുകയാണ്. നേരിയ വിലവര്‍ധനയുണ്ടായപ്പോള്‍ തന്നെ ഏലക്കാ വിറ്റഴിച്ചതിനാല്‍ ഇടത്തരം കര്‍ഷകര്‍ നിരാശരാണ്. ഏലം കൂടുതലായി ഉല്‍പ്പാദിപ്പിക്കുന്ന ഇടുക്കിയില്‍ മഴ കുറഞ്ഞത് ഉല്‍പ്പാദനത്തില്‍ പ്രതിഫലിച്ചു. വിളവെടുപ്പ്കാലമായ ആഗസ്റ്റ്, സെപ്തംബര്‍ മാസങ്ങളില്‍ ഉയര്‍ന്ന വില ലഭിച്ചാല്‍ മാത്രമേ കര്‍ഷകര്‍ക്ക് പിടിച്ച് നില്‍ക്കാനാകൂ.