കെഎസ്ഇബി ഫ്യൂസൂരി, ആദിവാസി കോളനി മാസങ്ങളായി ഇരുട്ടിൽ.

0
75

പാലക്കാട്: പാലക്കാട് മുല്ലക്കര ആദിവാസി കോളനി ഇരുട്ടിലായിട്ട് മാസങ്ങളായി. ആയിരക്കണക്കിന് രൂപയുടെ വൈദ്യുതി ബിൽ കുടിശ്ശിക വന്നതോടെ കെഎസ്ഇബി അധികൃതർ ഫ്യൂസ് ഊരി. വന്യജീവികൾ ഏറെയുള്ള പ്രദേശത്ത് കോളനിവാസികളുടെ രാത്രിജീവിതം ഇതോടെ ദുസഹമാണ്. പുതുപ്പരിയാരം പഞ്ചായത്തിലെ മുല്ലക്കര ആദിവാസി കോളനിയാണിത്. സന്ധ്യ മയങ്ങിയാൽ ഇതാണ് അവസ്ഥ. പരസ്പരം കാണാനാകാത്ത ഇരുട്ട്. കോളനിയിലെ കുട്ടികൾക്ക് പഠിക്കാൻ ഈ തെരുവിളക്ക് മാത്രമാണ് ആശ്രയം. റേഷൻ കടയിൽ നിന്ന് കിട്ടുന്ന അര ലിറ്റർ മണ്ണെണ്ണ ഒന്നിനും തികയില്ല. മക്കൾ ഭക്ഷണം കഴിക്കുമ്പോൾ അമ്മമാർ ടോർച്ച് ഞെക്കി പിടിച്ച് അടുത്തിരിക്കും

വർഷങ്ങൾക്ക് മുമ്പേ കോളനിയിൽ വൈദ്യുതിയെത്തിയിരുന്നു. കഴിഞ്ഞ ഡിസംബർ മുതലാണ് കുടിശ്ശികയുടെ പേരിൽ ഫ്യൂസ് ഊരിയത്. കുടിശ്ശികയായി പലർക്കും കിട്ടിയത് 5000 മുതൽ 13000 രൂപ വരെയുള്ള ബില്ലാണ്. ഇത്ര വലിക തുക ഒന്നിച്ച് അടയ്ക്കാൻ ഇവർക്ക് കഴിയില്ല. 40 യൂണിറ്റ് വരെ വൈദ്യുതി സൗജന്യമാണ്. അതിനു മുകളിൽ ഉപയോഗിച്ചതിൻ്റെ കുടിശ്ശിക വരുത്തിയതിനാലാണ് ഫ്യൂസ് ഊരിയതെന്നാണ് കെഎസ്ഇബി യും പട്ടികവർഗ വകുപ്പും പറയുന്നത്. കുടിശ്ശിക ഒഴിവാക്കി കിട്ടാൻ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു. കേരളത്തിലെ ആദ്യത്തെ സമ്പൂർണ വൈദ്യുതീകൃത ജില്ല കൂടിയാണ് പാലക്കാട് ജില്ല. 13 വർഷങ്ങൾക്ക് മുമ്പായിരുന്നു ആ പ്രഖ്യാപനം.

LEAVE A REPLY

Please enter your comment!
Please enter your name here