അഫ്ഗാനിസ്ഥാനില്‍ സ്ത്രീകളുടെ ബ്യൂട്ടി പാര്‍ലറുകള്‍ നിരോധിച്ച് താലിബാന്‍. താലിബാന്‍ സര്‍ക്കാര്‍ വൃത്തങ്ങള്‍ തന്നെയാണ് ഈ വിവരം അറിയിച്ചത്.2021 ഓഗസ്റ്റില്‍ അഫ്ഗാനിസ്ഥാനില്‍ നിന്ന് യുഎസും നാറ്റോയും പിന്‍വാങ്ങിയതോടെയാണ് താലിബാന്‍ അധികാരം സ്ഥാപിച്ചത്. ശേഷം സ്ത്രീകളുടെ വിദ്യാഭ്യാസം, ജോലി എന്നിവ അടക്കമുള്ള നിരവധി അവകാശങ്ങള്‍ക്ക് താലിബാന്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു.
അതേസമയം ബ്യൂട്ടി പാർലർ നിരോധനവുമായി ബന്ധപ്പെട്ട മറ്റ് വിശദാംശങ്ങള്‍ താലിബാന്‍ വ്യക്തമാക്കിയിട്ടില്ല. താലിബാന്‍ പരമോന്നത നേതാവ് ഹൈബത്തുള്ള അഖുന്‍സാദയുടെ നിര്‍ദേശ പ്രകാരമാണ് പുതിയ ഉത്തരവെന്നാണ് റിപ്പോര്‍ട്ട്.
തലസ്ഥാനമായ കാബൂള്‍ ഉള്‍പ്പടെയുള്ള എല്ലാ പ്രവിശ്യകള്‍ക്കും ഈ ഉത്തരവ് ബാധകമാണ്. രാജ്യത്തുടനീളമുള്ള ബ്യൂട്ടി പാര്‍ലറുകള്‍ക്ക് ഇതുസംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഒരു മാസത്തിനുള്ളില്‍ പ്രവര്‍ത്തനം അവസാനിപ്പിക്കണമെന്നാണ് ഉത്തരവില്‍ പറയുന്നത്.
എന്നാല്‍ എന്താണ് നിരോധനത്തിന് കാരണം എന്ന കാര്യം സര്‍ക്കാര്‍ പുറത്തിറക്കിയ കത്തില്‍ വ്യക്തമാക്കിയിട്ടില്ല. അഫ്ഗാനിസ്ഥാനിലെ സ്ത്രീകളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിന് ആവശ്യമായ നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്ന് താലിബാന്‍ പരമോന്നത നേതാവ് അഖുന്‍സാദ പറഞ്ഞതിന് തൊട്ടുപിന്നാലെയാണ് പുതിയ ഉത്തരവ്.
എന്നാല്‍ എന്ത് അടിസ്ഥാനത്തിലാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത് എന്ന് താലിബാന്‍ വക്താവ് മുഹമ്മദ് സാദീഖ് അഖിഫ് മുഹാജിറും വ്യക്തമാക്കിയിട്ടില്ല. ബ്യൂട്ടി പാര്‍ലറുകള്‍ അടച്ചു പൂട്ടിയ ശേഷം കൂടുതല്‍ വിവരങ്ങള്‍ അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
നിലവില്‍ ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക് നഷ്ടം വരാതിരിക്കാന്‍ സാവകാശം നല്‍കിയിട്ടുണ്ട്. നിലവിലെ അവരുടെ സ്റ്റോക്ക് തീരുന്നത് വരെ പ്രവര്‍ത്തിക്കാന്‍ സാധിക്കുമെന്നും മുഹാജിര്‍ പറഞ്ഞു. അതേസമയം നിലവില്‍ ഉത്തരവെന്ന നിലയില്‍ മാധ്യമങ്ങളില്‍ പ്രചരിക്കുന്ന കത്ത് താലിബാന്‍ പരമോന്നത നേതാവിന്റെ വാക്കാലുള്ള നിര്‍ദ്ദേശത്തെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണെന്നും അദ്ദേഹം പറയുന്നു.
സ്ത്രീകളുടെ അവകാശങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തുന്ന രീതിയാണ് നിലവില്‍ താലിബാന്‍ പിന്തുടരുന്നത്. പൊതുവിടങ്ങള്‍, പാര്‍ക്ക്, ജിം, എന്നിവിടങ്ങളിലും സ്ത്രീകള്‍ക്ക് പ്രവേശനവിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്.
സര്‍ക്കാര്‍ ജോലി ചെയ്തിരുന്ന സ്ത്രീകളെയും ജോലിയില്‍ നിന്ന് പുറത്താക്കിയിരുന്നു. ഇത്തരത്തില്‍ അഫ്ഗാനിസ്ഥാനില്‍ നടക്കുന്ന മനുഷ്യാവകാശ ലംഘനങ്ങള്‍ക്കെതിരെ ആഗോള തലത്തില്‍ പ്രതിഷേധമുയരുകയാണ്.