ലോകത്ത് ഏറ്റവുമധികം ചൂട് രേഖപ്പെടുത്തിയ ദിവസം (World’s Hottest Day) ജൂലൈ 3 എന്ന് യുഎസിലെ പരിസ്ഥിതി പ്രവചന ദേശീയ കേന്ദ്രം. ഉഷ്ണ തരംഗത്തിന്റെ വ്യാപനത്തോടെ ലോകത്തെ ശരാശരി താപനില 17.01 ഡിഗ്രി സെല്‍ഷ്യസില്‍ (62.62 ഫാരന്‍ഹീറ്റ്) എത്തിയിരിക്കുകയാണ്. 2016 ഓഗസ്റ്റില്‍ ഇത് 16.92 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു. ആ റെക്കോര്‍ഡാണ് ഇത്തവണ മറികടന്നത്.
യുഎസിലെ തെക്കന്‍ പ്രദേശങ്ങളില്‍ ചൂട് കഠിനമാണ്. കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇവിടെ അസഹനീയമായ ചൂടാണ് അനുഭവപ്പെടുന്നത്. ചൈനയിലും സ്ഥിതി വ്യത്യസ്തമല്ല. ഉഷ്ണ തരംഗങ്ങളുടെ വ്യാപനം ചൈനയില്‍ തീവ്രമാണ്. 35ഡിഗ്രി സെല്‍ഷ്യസിന് മുകളിലാണ് ഉഷ്ണതരംഗ താപനില. ആഫ്രിക്കയുടെ വടക്കന്‍ മേഖലകളില്‍ ശരാശരി താപനില ഏകദേശം 50 ഡിഗ്രി സെല്‍ഷ്യസിനോടടുക്കുകയാണ്.
അതേസമയം, അന്റാര്‍ട്ടിക്കയില്‍ നിലവില്‍ ശൈത്യകാലമാണ്. എന്നാല്‍ ശൈത്യകാലത്തും താപനിലയില്‍ വര്‍ധനവ് രേഖപ്പെടുത്തിയിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ഉക്രൈയിനിന്റെ അന്റാര്‍ട്ടിക്കയിലെ പര്യവേക്ഷണ കേന്ദ്രമായ വെര്‍ണാഡ്‌സ്‌കി റിസര്‍ച്ച് ബേസ് അന്റാര്‍ട്ടിക്കയിലെ അര്‍ജന്റീന ദ്വീപിലാണ് സ്ഥിതി ചെയ്യുന്നത്. ജൂലൈയില്‍ ഇവിടെ ഏകദേശം 8.7 ഡിഗ്രി സെല്‍ഷ്യസാണ് രേഖപ്പെടുത്തിയത് എന്ന് പര്യവേഷകര്‍ പറയുന്നു.
ആഘോഷിക്കപ്പെടേണ്ട ഒരു സംഭവമല്ലയിതെന്ന് കാലാവസ്ഥ ശാസ്ത്രജ്ഞനായ ഫ്രഡറിക്കെ ഓട്ടോ വ്യക്തമാക്കി. ആവാസവ്യവസ്ഥയ്ക്കും മനുഷ്യര്‍ക്കും കിട്ടിയ മരണശിക്ഷയാണ് ഈ അസാധാരണ മാറ്റങ്ങള്‍ എന്ന് അദ്ദേഹം പറഞ്ഞു.
കാലാവസ്ഥ വ്യതിയാനവും എല്‍നിനോ പ്രഭാവവുമാണ് ഈയവസ്ഥയ്ക്ക് കാരണമെന്നാണ് ശാസ്ത്രജ്ഞരുടെ വാദം.
”ഈ വര്‍ഷം പുറത്തുവന്ന റെക്കോര്‍ഡുകളില്‍ ആദ്യത്തേതാണിത്. ഹരിത ഗൃഹ വാതകങ്ങളുടെ പ്രഭാവം, എല്‍നിനോ പ്രതിഭാസം എന്നിവ ആഗോള താപനിലയെ ഇനിയും ഉയരങ്ങളിലേക്ക് എത്തിക്കും,’ എന്ന് ബെര്‍ക്ക്ലി എര്‍ത്തിലെ ഗവേഷണ ശാസ്ത്രജ്ഞനായ സെക്ക് ഹൗസ്ഫാദര്‍ പറയുന്നു.