1980 കളിലെയും 1990 കളിലെയും സിനിമകളിലെ ഹാസ്യ സഹകഥാപാത്രങ്ങൾക്ക് പേരുകേട്ട തമിഴ് നടൻ മോഹൻ ദുരൂഹ സാഹചര്യത്തിൽ അന്തരിച്ചു. തമിഴ്‌നാട്ടിലെ മധുരയിലെ തിരുപ്പരൻകുണ്ഡം പ്രദേശത്തെ തെരുവിലാണ് മോഹനെ മരിച്ച നിലയിൽ കണ്ടെത്തിയത്.
60 കാരനായ നടൻ കുറച്ചുകാലമായി കടുത്ത ദാരിദ്ര്യത്തിലായിരുന്നു. അദ്ദേഹം ഒരു ജോലി ലഭിക്കാൻ പാടുപെടുകയായിരുന്നു എന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. 10 വർഷം മുമ്പ് ഭാര്യ മരിച്ചു. അതിനുശേഷം അദ്ദേഹം കൂടുതലും ഭിക്ഷാടനം നടത്തിയാണ് ഉപജീവനം നയിച്ചിരുന്നത്.
1989ൽ പുറത്തിറങ്ങിയ ‘അപൂർവ സഗോദരർകൾ’ എന്ന കമൽഹാസൻ ചിത്രത്തിൽ അപ്പുവിന്റെ (ഹാസൻ) ഉറ്റ സുഹൃത്തിനെയാണ് മോഹൻ അവതരിപ്പിച്ചത്. അതിനു ശേഷം, ആര്യയെ നായകനാക്കി അത്ഭുത മണിതർങ്ങൾ, ബാലയുടെ നാൻ കടവുൾ എന്നിവയുൾപ്പെടെ ഏതാനും ചിത്രങ്ങളിൽ അദ്ദേഹം പ്രത്യക്ഷപ്പെട്ടു.
ഇതിനുശേഷം സിനിമയിൽ നിന്നും മാറുകയും, ജന്മനാട്ടിൽ നിന്ന് വർഷങ്ങൾക്ക് മുമ്പ് തിരുപ്പരങ്കുണ്ട്രത്തേക്ക് താമസം മാറ്റുകയും ചെയ്തു. പണമില്ലാത്തതിനാൽ തെരുവിൽ ഭിക്ഷാടനം നടത്തുക പതിവായിരുന്നു. ജൂലായ് 31-ന് ഇദ്ദേഹത്തെ റോഡിൽ മരിച്ച നിലയിൽ കണ്ട നാട്ടുകാർ പോലീസിൽ വിവരമറിയിക്കുകയായിരുന്നു. താരത്തെ തിരിച്ചറിയാൻ പറ്റാത്ത വിധം രൂപമാറ്റം വന്ന അവസ്ഥയിലായിരുന്നുവെന്ന് റിപ്പോർട്ടുകൾ പറയുന്നു.
പോലീസ് മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോർട്ടത്തിനായി മധുര സർക്കാർ ആശുപത്രിയിലേക്ക് അയച്ചു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് നടൻ മോഹനാണെന്ന് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയില്ല. ആരോഗ്യനില മോശമായതിനാൽ മോഹൻ സ്വാഭാവിക കാരണങ്ങളാൽ മരിച്ചുവെന്ന് പറയപ്പെടുന്നു. കൂടുതൽ വിവരങ്ങളൊന്നും പോലീസ് ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല.
മോഹനന്റെ മൃതദേഹം പോസ്റ്റ്‌മോർട്ടത്തിന് ശേഷം സ്വദേശമായ സേലത്തേക്ക് കൊണ്ടുപോയി കുടുംബത്തിന് വിട്ടുനൽകുമെന്നാണ് റിപ്പോർട്ട്. റിപ്പോർട്ടുകൾ പ്രകാരം മോഹന് അഞ്ച് സഹോദരിമാരും രണ്ട് സഹോദരന്മാരുമുണ്ട്.