സംസ്ഥാനത്ത് കൊവിഡ് രോഗികളെ വീടുകളിൽ ചികിത്സിക്കാൻ അനുമതി. ഇത് സംബന്ധിച്ച പുതിയ മാനദണ്ഡം ആരോഗ്യവകുപ്പ് പുറത്തിറക്കി. ആദ്യ ഘട്ടത്തിൽ കൊവിഡ് ബാധിച്ച, എന്നാൽ രോഗലക്ഷണങ്ങളില്ലാത്ത ആരോഗ്യപ്രവർത്തകർക്കാണ് അനുമതി. സർക്കാർ നിയോഗിച്ച ആരോഗ്യ വിദഗ്ദ്ധരും മെഡിക്കൽ ബോർഡും നേരത്തെ ഇത് സംബന്ധിച്ച് നൽകിയ നിർദ്ദേശം സംസ്ഥാന ആരോഗ്യവകുപ്പ് അംഗീകരിക്കുകയായിരുന്നു.
കൊവിഡ് രോഗികളെ ചികിത്സിക്കുന്നതിന് ഫസ്റ്റ് ലൈൻ ട്രീറ്റ്മെന്റ് സെന്ററുകളെ മാത്രം ആശ്രയിക്കേണ്ടതില്ലെന്നാണ് വിദഗ്ദധ നിർദ്ദേശം. വീടുകളിൽ ചികിത്സയിൽ കഴിയാനാഗ്രഹിക്കുന്ന കൊവിഡ് ബാധിച്ച ആരോഗ്യപ്രവർത്തകർ ഇത് സംബന്ധിച്ച് എഴുതി നൽകണം. വീട്ടിൽ സൗകര്യം ഉണ്ടെന്ന് ഇതിൽ വ്യക്തമാക്കണം. വീട്ടിലെ, മറ്റ് ആരോഗ്യപ്രശ്നങ്ങളില്ലാത്ത മുതിർന്ന ഒരംഗം ഇവരുടെ കാര്യങ്ങൾ നോക്കാൻ ഉണ്ടാകണം.
ഇത്തരക്കാർക്ക് നിരീക്ഷണത്തിൽ കഴിയുന്നതിന്റെ പത്താം ദിവസം കൊവിഡ് രോഗ ബാധ പരിശോധിക്കാൻ ആന്റിജൻ ടെസ്റ്റ് നടത്തും. പോസിറ്റീവാണെങ്കിൽ തുടർന്നും നിരീക്ഷണത്തിൽ കഴിയണം. നെഗറ്റീവാണെങ്കിൽ അടുത്ത ഏഴ് ദിവസം കൂടി നിരീക്ഷണത്തിൽ കഴിയേണ്ടി വരും. വരും ദിവസങ്ങളിൽ രോഗലക്ഷണമില്ലാത്ത മറ്റ് കൊവിഡ് രോഗികളെ കൂടി വീടുകളിൽ കഴിയാൻ അനുവദിച്ചേക്കും.