എംഎൽഎ മുഹമ്മദ് മുഹ്സിൻ സിപിഐ ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു.

0
69

പാലക്കാട്: പട്ടാമ്പി എം എൽ എ മുഹമ്മദ്  മുഹ്സിൻ സിപിഐ പാലക്കാട് ജില്ലാ കൗൺസിലിൽ നിന്ന് രാജി വെച്ചു. ജില്ലാ നേതൃത്വത്തിൻ്റെ ഏകപക്ഷീയ നിലപാടിൽ പ്രതിഷേധിച്ചാണ് രാജിയെന്ന് പാർട്ടിക്ക് നൽകിയ കത്തിൽ പറയുന്നു. രാജിക്കത്ത് ഇന്ന് ചേരുന്ന ജില്ലാ എക്സിക്യൂട്ടീവ് ചർച്ച ചെയ്യും. അതേസമയം, മുഹ്സിനെതിരെ കൂടുതൽ നടപടിക്ക് സാധ്യതയുണ്ട്. വിഭാഗീയ പ്രവർത്തനം നടത്തിയെന്നാരോപിച്ച് മുഹസീനെ നേരത്തെ എക്സിക്യൂട്ടീവിൽ നിന്ന് തരം താഴ്ത്തിയിരുന്നു.

മുഹ്സിനെതിരെ നടപടിയെടുത്തതിൽ സിപിഐയില്‍  അമർഷം പുകയുന്നുണ്ട്. സിപിഐ ജില്ലാ കമ്മിറ്റി അംഗങ്ങള്‍ ഉള്‍പ്പെടെ 13 പേര്‍ മണ്ണാർക്കാട് മണ്ഡലം കമ്മിറ്റിയിൽ നിന്ന് രാജിക്ക് ഒരുങ്ങുകയാണെന്ന് റിപ്പോർട്ട് പുറത്ത് വന്നിരുന്നു. പട്ടാമ്പി എംഎല്‍എ മുഹമദ് മുഹ്‌സിനെതിരെ അച്ചടക്ക നടപടി സ്വീകരിച്ചതിൽ പ്രതിഷേധിച്ചാണ് നീക്കം. പട്ടാമ്പി മണ്ഡലം കമ്മിറ്റിയിലെ പ്രവർത്തകരും നേരത്തെ കൂട്ടരാജി സമർപ്പിച്ചിരുന്നു.

ജില്ലാ സമ്മേളനത്തിലെ വിഭാഗീയതയെ കുറിച്ച് അന്വേഷിച്ച കമ്മിഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ്  മുഹമ്മദ് മുഹ്സിൻ എംഎൽഎയെ ജില്ലാ കമ്മിറ്റിയിലേക്കും പട്ടാമ്പി മണ്ഡലം സെക്രട്ടറി സുഭാഷ്, പട്ടാമ്പിയിൽ നിന്നുള്ള ജില്ലാ കമ്മിറ്റിയംഗം കൊടിയില്‍ രാമകൃഷ്ണന്‍ എന്നിവരെ ബ്രാഞ്ച് കമ്മിറ്റിയിലേക്കും തരംതാഴ്ത്തിയത്.

കാനം പക്ഷക്കാരനായ സിപിഐ ജില്ലാ സെക്രട്ടറിയുടെ അഴിമതി ചൂണ്ടിക്കാണിച്ചതിനാണ് എംഎൽഎ അടക്കമുള്ളവർക്കെതിരെ നടപടി എടുത്തതെന്നാണ് മറുവിഭാഗത്തിന്റെ ആരോപണം. കാനം രാജേന്ദ്രന്‍ വിഭാഗത്തിനാണ് പാലക്കാട് ജില്ലാ കമ്മിറ്റിയില്‍ മുന്‍തൂക്കം. പട്ടാമ്പി മണ്ഡലം കഴിഞ്ഞ സമ്മേളനത്തില്‍ കാനം വിഭാഗത്തിന് നഷ്ടപ്പെട്ടിരുന്നു. കെഇ ഇസ്മായില്‍ വിഭാഗം മണ്ഡലം കമ്മിറ്റിയിൽ മുൻതൂക്കം നേടിയിരുന്നു. മുഹമ്മദ് മുഹ്സിൻ എംഎൽഎ കാനം വിഭാഗത്തിന് ഒപ്പമല്ല.

LEAVE A REPLY

Please enter your comment!
Please enter your name here